ശക്തമായ സാമൂഹിക പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും വരൾച്ചയും മരുഭൂവൽക്കരണവും ചെറുത്തുനിൽക്കാനാകുമെന്ന സന്ദേശം മുൻനിർത്തി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ആചരിച്ചു വരുന്ന ‘വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കുന്നതിനുള്ള’ അന്താരാഷ്ട്രദിനാചരണം ജൂൺ 17ന്. തരിശു ഭൂമിയുടെ പുനഃസ്ഥാപനം, ഭൂശേഷി പുനഃസ്ഥാപനത്തിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കൽ, വരുമാന വർധനവ്, ഭക്ഷ്യസുരക്ഷ, സാമ്പത്തിക നിരാശ്രയത്വം, ജൈവ വൈവിധ്യങ്ങളുടെ വീണ്ടെടുപ്പ്, ആഗോളതാപനത്തിനു കാരണമായ അന്തരീക്ഷ കാർബണിന്റെ അളവു കുറച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ മന്ദഗതിയിലാക്കൽ എന്നിവയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഹരിത കേരളം മിഷലെ സിഫോർ യു പദ്ധതിയിൽ ഉൾപ്പെടുത്തി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും എസ്.പി.സി യൂനിറ്റിന്റെയും നേതൃത്വത്തിൽ മടിക്കൈ ഗവ.ഹയർ ഹയർസെക്കൻഡറി സ്‌കൂളിൽ മുളത്തൈകൾ വച്ച് പിടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം എ.ഡി.എം അതുൽ എസ് നാഥ് നിർവഹിക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിക്കും. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.
