എറണാകുളം : ഡിജിറ്റൽ സാമഗ്രികൾ ഇല്ലാത്തതു മൂലം വൈപ്പിൻ നിയോജക മണ്ഡലത്തിലെ ഒരു വിദ്യാർത്ഥിക്കും ഓൺലൈൻ പഠനത്തിനു തടസം ഉണ്ടാകില്ലെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും സംഘടനകളും പൊതുസമൂഹം ഒന്നടങ്കം തന്നെയും ഫോണുകളും ടാബുകളും കംപ്യൂട്ടറുകളുമുൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുമായി ഓൺലൈൻ പഠനം സുഗമമാക്കാൻ മുന്നോട്ടുവരുന്ന കാഴ്‌ച പ്രതീക്ഷാജനകമാണ്. മണ്ഡലത്തിലെ സ്‌കൂളുകളിൽ രൂപവത്കരിച്ച ജനസമിതികൾ ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും ഓൺലൈൻ പഠനം സുഗമമാക്കാൻ എല്ലാ സഹായവും ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.

പുതുവൈപ്പ് ഗവൺമെന്റ് യുപി സ്‌കൂളിൽ പൂർവ്വവിദ്യാർത്ഥി പി കെ സുധീർ സമാഹരിച്ച ടാബുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ എൻ ഉണ്ണിക്കൃഷ്ണൻ. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് എംഎൽഎ ടാബുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. ലിഗീഷ് സേവ്യർ അധ്യക്ഷത വഹിച്ചു. എസ് സി/എസ് ടി സഹകരണ ബാങ്ക് പ്രസിഡന്റ് എൻ സി മോഹനൻ, ഹെഡ്‌മാസ്റ്റർ കെ ടി മധു,പി കെ സുധീർ, സീനിയർ അധ്യാപിക ജിജി റാഫേൽ എന്നിവർ സംസാരിച്ചു.

ഫോട്ടോക്യാപ്‌ഷൻ : പുതുവൈപ്പ് ഗവൺമെന്റ് യുപി സ്‌കൂളിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ടാബുകൾ വിതരണം ചെയ്യുന്നു.