കോഴിക്കോട്:   കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. സര്‍വ്വേ നടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളെ മുന്‍കൂട്ടി വിവരമറിയിയ്ക്കും. തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ മാത്രം വ്യാപാരസ്ഥാപനങ്ങളിലും ഫാക്ടറികളിലും നിന്ന് വിവരം ശേഖരിക്കും.

കാറ്റഗറി സി, ഡി പ്രദേശങ്ങളില്‍ ഉടന്‍ സര്‍വ്വേ തുടങ്ങില്ല. ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്ന എന്യൂമറേറ്റര്‍മാര്‍ ടെലിഫോണ്‍ വിവരശേഖരണം തുടരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍വ്വേ കഴിഞ്ഞമാസം പുനരാരംഭിച്ചിരുന്നെങ്കിലും കേരളത്തില്‍ നീട്ടി വയ്ക്കുകയായിരുന്നു. കോവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ചും മുന്‍കരുതലോടെയും ഫീല്‍ഡ് സന്ദര്‍ശനം നടത്താന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റോഡരികിലെ കയ്യേറ്റങ്ങള്‍ 28 നകം നീക്കണം

പൊതുമരാമത്ത് വകുപ്പ് ബാലുശ്ശേരി നിരത്ത് ഭാഗം കാര്യാലയത്തിന്റെ പരിധിയിലുള്ള റോഡരികിലെ കയ്യേറ്റങ്ങള്‍ 28 നകം നീക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എകരൂല്‍ കക്കയം-ഡാംസൈറ്റ് റോഡ്, ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡ്, പുതിയങ്ങാടി- ഉള്ള്യരി-കുറ്റ്യാടി- ചൊവ്വ ബൈപാസ് റോഡ് (പുറക്കാട്ടേരി മുതല്‍ ഉള്ള്യരി ഈസ്റ്റ് മുക്ക് വരെ), കാപ്പാട്- തുഷാരഗിരി-അടിവാരം റോഡ്, (അത്തോളി മുതല്‍ ചീക്കീലോട് വരെ) എന്നിവിടങ്ങളിലെ റോഡിനിരുവശത്തായും റോഡ്
സ്ഥലം കയ്യേറി കച്ചവടം നടത്തുന്നതും സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നതും വില്‍പ്പനാനുമതി ഇല്ലാതെ വാഹനങ്ങളില്‍ സ്ഥിരമായി ഒരേയിടത്ത് സ്ഥാപിച്ച് കച്ചവടം നടത്തുന്നതും അടക്കമുള്ള റോഡ് സ്ഥലം കയ്യേറ്റങ്ങള്‍ നിര്‍ദ്ദിഷ്ട സമയപരിധിയില്‍ നീക്കം ചെയ്തില്ലെങ്കില്‍ മറ്റൊരറിയിപ്പ് കൂടാതെ ഇവ ഒഴിപ്പിച്ച് ചെലവാകുന്ന തുക കയ്യേറ്റക്കാരില്‍ നിന്നും വസൂലാക്കും.