സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മറ്റു പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി) ഉൾപ്പെട്ടവർക്കായി നടപ്പാക്കുന്ന  വിവിധ വായ്പ പദ്ധതികളുടെ കുടുംബ വാർഷിക വരുമാന പരിധി 1.20 ലക്ഷം രൂപയിൽ നിന്ന് മൂന്നു ലക്ഷമാക്കി.  ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഏഴു ശതമാനം വരെ പലിശ നിരക്കിൽ 10 ലക്ഷം രൂപവരെ സ്വയം തൊഴിൽ വായ്പയും 3.50 മുതൽ നാലു ശതമാനം വരെ പലിശ നിരക്കിൽ 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയും ലഭിക്കും.  75 ശതമാനം ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട അംഗങ്ങൾ ഉൾപ്പെട്ട അയൽക്കൂട്ടങ്ങൾക്ക് വിതരണം ചെയ്യാൻ കുടുംബശ്രീ സി.ഡി.എസുകൾക്ക് 2.50 മുതൽ 3.50 ശതമാനം പലിശ നിരക്കിൽ രണ്ടു കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പയും ലഭിക്കും.  പ്രവാസികൾക്ക് റീടേൺ പദ്ധതിയിലൂടെ മൂന്നു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കുന്ന വായ്പക്കും പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ് പദ്ധതിയിലൂടെ രണ്ടു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കുന്ന വായ്പയും ലഭിക്കും.  20 ലക്ഷം രൂപ വരെ ആറു മുതൽ ഏഴു ശതമാനം വരെ പലിശ നിരക്കാണ് അനുവദിക്കുക.  അപേക്ഷ ഫോറം ജില്ലാ / ഉപജില്ലാ ഓഫീസുകളിൽ ലഭിക്കും.  വിശദവിവരങ്ങൾക്ക് www.ksbcdc.com സന്ദർശിക്കുക.