പത്തനംതിട്ട; സംസ്ഥാനത്ത് വാക്‌സിന്‍ സമത്വം ഉറപ്പുവരുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ നിര്‍ധനര്‍ക്കുള്ള ധനസഹായ വിതരണം, പഞ്ചായത്ത് ശ്മശാനം, അംഗനവാടി എന്നിവ നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ സമ്മതപത്രം സ്വീകരിക്കല്‍ തുടങ്ങിയ ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് രണ്ടാം തരംഗത്തിനെ എല്ലാവരും ചേര്‍ന്നു കരുതലോടെ നേരിട്ടു. മൂന്നാം തരംഗം ഉണ്ടായാല്‍ അതിനെ തടഞ്ഞു നിര്‍ത്താന്‍ വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന രീതിയില്‍ വാക്‌സിന്‍ സമത്വം ഉറപ്പുവരുത്താന്‍ സംസ്ഥാനത്ത് വാക്‌സിന്‍ ഡ്രൈവ് നടത്താന്‍ ആസൂത്രണം ചെയ്യുന്നുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു തിക്കും തിരക്കും ഒഴിവാക്കി വാക്‌സിനേഷന്‍ നടപ്പാക്കും. കോവിഡ് ടിപിആര്‍ പൂജ്യത്തിലെത്തിച്ച് കോവിഡ് സീറോ കേസ് എത്തിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ അംഗനവാടികളും ഉടന്‍ വൈദ്യുതവല്‍കരിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ സ്വന്തംമണ്ഡലമായ ആറന്മുളയിലെ ആദ്യത്തെ പൊതു പരിപാടി കൂടിയായിരുന്നു വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ നടന്നത്. ഹരിതകര്‍മ്മ സേനയ്ക്കുള്ള യൂണിഫോമിന്റെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു വിതരണം ചെയ്തു.

ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തുക, പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ ശേഖരിക്കുക തുടങ്ങിയവ ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണു പരിപാടി നടത്തിയത്.

യാഹിര്‍ ഫൗണ്ടേഷന്‍ സ്ഥാപകനും യാഹിര്‍ ഓഡിറ്റോറിയം ഉടമയുമായ പ്രവാസി മലയാളി ഇരവിപേരൂര്‍ കൊടിഞ്ഞൂര്‍ വീട്ടില്‍ അനില്‍ എബ്രഹാം ആണ് ഇരവിപേരൂര്‍ പഞ്ചായത്തിലെ കോവിഡ് ബാധിതരും ബിപിഎല്‍ പരിധിയില്‍ പെട്ടതും ഏറ്റവും അധികം കഷ്ടതകള്‍ അനുഭവിക്കുന്നതുമായ 300 കുടുംബങ്ങള്‍ക്ക് 2000 രൂപ വീതം ആറു ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തത്.

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ 34 ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് യൂണിഫോമും 1000 രൂപ വീതവും, 17 ആശാ പ്രവര്‍ത്തകര്‍ക്ക് 1000 രൂപ വീതം 17,000 രൂപ പാരിതോഷികവും നല്‍കി. പഞ്ചായത്തില്‍ ആധുനിക വാതക ശ്മശാനം നിര്‍മ്മിക്കുന്നതിന് കുമ്പനാട് കെ.ഇ എബ്രഹാം ഫൗണ്ടേഷന്‍ (കെഇഎഎഫ്) നല്‍കിയ അഞ്ച് സെന്റ് സ്ഥലത്തിന്റെയും കോവിഡ് ബാധിതയായി മരിച്ച ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എല്‍.പി സ്‌കൂളിലെ അധ്യാപികയായിരുന്ന ജൂലി ലിസി ഉമ്മന്റെ സ്മരണാര്‍ഥം മൂന്നാം വാര്‍ഡില്‍ അംഗനവാടി കെട്ടിടം പണിയുന്നതിന് പുറത്തുംമുറി കുടുംബാംഗങ്ങള്‍ നല്‍കിയ മൂന്നു സെന്റ് സ്ഥലത്തിന്റെയും ഉടമസ്ഥാവകാശ രേഖകളും സമ്മതപത്രവുമാണ് പഞ്ചായത്തിനു കൈമാറിയത്.

ഇരവിപേരൂര്‍ ഐ.ജി.ഒ ക്യാമ്പസിനോട് ചേര്‍ന്നാണ് വാതക ശ്മശാനത്തിനുള്ള അഞ്ച് സെന്റ് സ്ഥലം റവ. ഡോ. ടി വല്‍സന്‍ എബ്രഹാം പ്രസിഡന്റായിട്ടുള്ള കെഇഎ ഫൗണ്ടേഷന്‍ 25 വര്‍ഷത്തേക്ക് ലീസിനു നല്‍കിയത്.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍ പിള്ള, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എല്‍സാ തോമസ്, എന്‍.എസ് രാജീവ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വിജയമ്മ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സന്‍ വര്‍ഗീസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമിതാ രാജേഷ്, കെഇഎ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ലെഫ്റ്റനന്റ് കേണല്‍ വി.ഐ ലൂക്കോസ്, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ജി. അജയകുമാര്‍, ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുജാ കുമാരി, ഓതറ എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.സി സുരേഷ് കുമാര്‍, ജിജി ജോര്‍ജ്, പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.