കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ റംസാന്‍ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഈ മാസം 13 വരെയാണ് വിപണി. കോഴിക്കോട് ജില്ലയില്‍ നാലു മൊബൈല്‍ ത്രിവേണി യൂണിറ്റുകളാവും വില്‍പന നടത്തുക. ഒരു ദിവസം ആയിരം പേര്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ വില്‍പന നടത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ കേന്ദ്രങ്ങളില്‍ ഒരു വിപണി എന്ന നിലയിലാണ് ആരംഭിച്ചിരിക്കുന്നത്. 13 ഇനം സാധനങ്ങള്‍ സബ്‌സിഡി വിലയിലാണ് ലഭിക്കുക. രണ്ടായിരം കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കണ്‍സ്യൂമര്‍ഫെഡ് മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 441 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ചതിലൂടെ വിപണിയിലെ വന്‍ വിലക്കയറ്റം തടയാനായി. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വി. എസ്. ശിവകുമാര്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു.
50 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങള്‍ വില്‍ക്കുന്നത്. അഞ്ച് കിലോ വരെ ജയ അരി ലഭിക്കും. കിലോയ്ക്ക് 25 രൂപയാണ് വില. കുറുവ അരി 25 രൂപ, മട്ട അരി 24, പച്ചരി 23, പഞ്ചസാര 22, വെളിച്ചെണ്ണ 90, ചെറുപയര്‍ 60, കടല 43, ഉഴുന്ന് 58, വന്‍പയര്‍ 45, തുവരപ്പരിപ്പ് 60, മുളക് 67, മല്ലി 65 എന്നിങ്ങനെയാണ് വില. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ബാബു റംസാന്‍ കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.