നഗരത്തിലും ജില്ലയുടെ പ്രാന്തപ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ വീടും പരിസരവും പരിശോധിച്ച് കൊതുക് വളരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം.ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി നിര്‍ത്തിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകളുടെ വശങ്ങളിലെ ടയറുകളിലും ജലസംഭരണികളും മഴവെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ബോട്ടുടമകള്‍ ശ്രദ്ധിക്കണം. ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകളും മലമ്പനിക്ക് കാരണമായ അനോഫലിന്‍ കൊതുകുകളും വന്‍തോതില്‍ പെരുകുന്നതായി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്.
ബോട്ടുകളുടെ ജലസംഭരണികള്‍ കൊതുകു കടക്കാത്തവിധം മൂടി സൂക്ഷിക്കണം, ടയറുകളില്‍ മഴവെള്ളം തങ്ങിനില്‍ക്കാത്ത വിധം സുഷിരങ്ങള്‍ ഇടണം. ഇതിന് സാധിക്കാതെ വന്നാല്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധപ്പെട്ട് കൂത്താടി നാശിനി വാങ്ങി കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കണം.ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും 9447652433 നമ്പരില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.