കൊച്ചി :വനിതാ ശിശു വികസന വകുപ്പിന്റെ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും , ചൈല്‍ഡ് ലൈനിന്റെയും സതേണ്‍ റെയില്‍വെയുടെയും എറണാകുളം സൗത്ത് സ്റ്റേഷന്റെയും സഹകരണത്തോടെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ആചരിച്ചു.
ഭാരത്മാത കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ വേഷപ്രച്ഛന്നരായെത്തി ബാലവേലയും ഭിക്ഷാടനവും കുറ്റകരമാണെന്ന് സന്ദേശം തെരുവുനാടകത്തിലൂടെ അവതരിപ്പിച്ചു. ഭിക്ഷാടനം നടത്തുന്ന കുട്ടിെയ കണ്ടു നിന്നവര്‍ 1098 ല്‍ വിളിച്ച് ഏല്‍പ്പിക്കുന്നതായാണ് തെരുവുനാടകത്തില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ബാലവേല വിരുദ്ധാചരണത്തിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തയ്യാറാക്കിയ സിഗ്നേച്ചര്‍ ബോര്‍ഡില്‍ ബാലവേലയില്ലാത്ത ഒരു നാടിനായുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്റ്റേഷന്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ ഒപ്പ് വച്ച് ഉദ്ഘാടനം ചെയ്തു.  യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ ബി അദ്ധ്യക്ഷത വഹിച്ചു.  സ്റ്റേഷന്‍ മാനേജര്‍ രോഹിത്, ചൈല്‍ഡ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ ജിതിന്‍, റെയില്‍വെ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌ക് സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ഡേവിഡ് പടന്നക്കാടന്‍, സെന്റ് ആല്‍ബര്‍ട്ട് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഐശ്വര്യ എന്നിവര്‍ ആശംസകളോടെ കൈയ്യൊപ്പ് രേഖപ്പെടുത്തി.
തുടര്‍ന്ന് സെന്റ് ആല്‍ബര്‍ട്ടസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബാലവേല വിരുദ്ധ സന്ദേശമറിയിക്കുന്ന ഫ്‌ളാഷ് മോബും അറങ്ങേറി.  എറണാകുളം ജില്ലാ ബാലവേല വിമുക്ത ജില്ലയായി മാറ്റുന്നതിനുള്ള വിവിധ പരിപാടികള്‍ നടന്നുവരികയാണ്.