സമൂഹത്തോട് ഉത്തരവാദിത്വവും, കടമയും ഉള്ളവരായിരിക്കണം വിദ്യാര്‍ത്ഥികളെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ലീഗല്‍ സര്‍വീസ് അതോറിറ്റിയും തൊഴില്‍ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബാലവേലവിരുദ്ധദിനാചരണം പത്തനംതിട്ട ഹോളി എയ്ഞ്ചല്‍സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യവും നിരക്ഷരതയുമാണ് ബാലവേല വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. കുട്ടിക്കാലം ആസ്വദിക്കാന്‍ കഴിയാതെ ലക്ഷക്കണക്കിന് കുട്ടികള്‍ ഇപ്പോഴും പണിയെടുക്കുന്നുണ്ട്. ഇത്തരത്തിലുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ബാലവേലയും ബാലഭിക്ഷാടനവും ഒഴിവാക്കുന്നതിന് ജില്ലയില്‍ ആരംഭിച്ച ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിച്ചിട്ടുണ്ട്. ഇത് ബാലവേലയും ബാലഭിക്ഷാടനവും ഒഴിവാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണെ ന്നും കളക്ടര്‍ പറഞ്ഞു.
