ജില്ലയിൽ മുൻഗണന വിഭാഗത്തിനുള്ള കോവിഡ് വാക്സിനേഷൻ പൂർത്തീകരണത്തിലേക്ക്. 45 വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും കോവിഡ് വാക്സിൻ സ്വീകരിച്ചു. ഈ വിഭാഗത്തിൽ ആകെ 468037 പേരാണ് ഇതുവരെയായി വാക്സിൻ സ്വീകരിച്ചത്. സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ വേഗത്തിൽ നടക്കുന്ന ജില്ലയായി കാസർകോട് ഇതിലൂടെ മാറി.
ജൂലൈ രണ്ട് വരെ ആകെ 576664 പേർ വാക്സിൻ സ്വീകരിച്ചു. 60 വയസ്സിന് മുകളിലുള്ള 226158 പേരും, 45നും 60നും ഇടയിൽ പ്രായമുള്ള 241879 പേരുമാണ് ഇതിനകം വാക്സിൻ സ്വീകരിച്ചത്. 18നും 44 വയസ്സിനും ഇടയിലുള്ള 108627 പേരും വാക്സിനെടുത്തു. ജില്ലയിൽ ഇതുവരെ വാക്സിൻ എടുത്തവരിൽ 521568 പേർ കോവിഷീൽഡ് വാക്സിനും 55096 പേർ കോവാക്സിനുമാണ് സ്വീകരിച്ചത്.
സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവർക്ക് നേരിട്ടെത്തിയാണ് വാക്സിൻ നൽകിയത്. ഇതിനായി മൊബൈൽ യൂണിറ്റുകളെയും ഉപയോഗിച്ചു. ആദിവാസി കോളനികളിലും നേരിട്ടെത്തി വാക്സിൻ നൽകുന്നതിന് നടപടി സ്വീകരിച്ചതും ജില്ലയിൽ വാക്സിനേഷൻ വേഗത്തിലാക്കാൻ സഹായകമായി.