ഇടുക്കി: നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ‘ഗാഡ്ജറ്റ് ചലഞ്ച്’ പദ്ധതിക്ക് തുടക്കമായി.

പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ മുഹമ്മദ് വസീം പരിപാടി ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമില്ല എന്ന കാരണത്താല്‍ ആര്‍ക്കും മികച്ച വിദ്യാഭ്യാസം നിഷേധിക്കരുതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജില്ലാ ജഡ്ജ് പറഞ്ഞു. ഇത്തരത്തിലുള്ള അവസ്ഥ വരാതിരിക്കാന്‍ ഭരണ കൂടങ്ങള്‍ക്കും പൊതുസമൂഹത്തിനും ജാഗ്രതയുണ്ടാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌കൂളിലെ പ്രധാന അധ്യാപകര്‍ ജഡ്ജിയില്‍ നിന്ന് ഫോണുകള്‍ ഏറ്റു വാങ്ങി.
തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും അഡീഷണല്‍ ജില്ലാ ജഡ്ജുമായ നിക്സന്‍.എം.ജോസഫ്, സബ് ജഡ്ജ് റോഷന്‍ തോമസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീന്‍ പി.എ,
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: ജോസഫ് മാത്യു, അഡ്വ: സി.കെ. വിദ്യാസാഗര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ലയണ്‍സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയാണ് ‘ഗാഡ്ജറ്റ് ചലഞ്ച്’ പദ്ധതി നടപ്പിലാക്കുന്നത്.