ബാലവേലയ്‌ക്കെതിരെയുളള സന്ദേശം പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും എത്തിക്കുന്നതിനായി തൊഴില്‍വകുപ്പും ജില്ലാ ചൈല്‍ഡ് ലൈനും സംയുക്തമായി ബാലവേല വിരുദ്ധ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു.
കൊട്ടാരക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പരിപാടി ഉദ്ഘാടനം ചെയ്തു. ബാലാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ സി.ജെ. ആന്റണി അധ്യക്ഷനായി. കൊല്ലം റൂറല്‍ പോലീസ് മേധാവി ബി. അശോകന്‍ മുഖ്യപ്രഭാഷണം നടത്തിയതിനൊപ്പം ബാലവേല പോസ്റ്റര്‍ പ്രകാശനവും നിര്‍വ്വഹിച്ചു. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബി. ശ്യാമളയമ്മ ബാലവേല വിരുദ്ധ സന്ദേശവും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. കോമളകുമാരി ബാലവേല വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
ജില്ലാ ലേബര്‍ ഓഫീസര്‍ എ. ബിന്ദു, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. എബ്രഹാം, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്. സുഷമ, പി.ടി.എ. പ്രസിഡന്റ്  എസ്.ആര്‍. രമേഷ്,  ചൈല്‍ഡ്‌ലൈന്‍ റൂറല്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനു ജോര്‍ജ്, കൊട്ടാരക്കര അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബാലവേലവിരുദ്ധ സന്ദേശം ഉള്‍ക്കൊളളുന്ന ചിത്രരചന, ഉപന്യാസ, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. അബ്ദുള്‍ ഗഫൂര്‍ നിര്‍വഹിച്ചു.
പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബാലവേല നിര്‍മ്മാര്‍ജ്ജനത്തെ സംബന്ധിച്ച് സെമിനാറും ചര്‍ച്ചയും സംഘടിപ്പിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍  ടി.ആര്‍ മനോജ്കുമാര്‍ നേതൃത്വം നല്‍കി.
ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി തിത്തലി-2018 നടത്തി. ടൗണ്‍ അതിര്‍ത്തിയിലെ അസെറ്റ്‌സ് ഗ്രാന്റീയോസ് കെട്ടിട നിര്‍മ്മാണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 130 അന്യസംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തു.
ബാലവേലയുടെ ദോഷഫലങ്ങള്‍, ബാലവേല കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട വിധം എന്നിവയാണ് ക്ലാസില്‍ വിശദീകരിച്ചത്. ബാലവേലയുമായി ബന്ധപ്പെട്ട ലഘുലേഖകളും വിതരണം ചെയ്തു. പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. സെമിനാറിന് ശേഷം ബാലവേല തടയുന്നതില്‍ തൊഴിലാളി പങ്കാളിത്തം ഉറപ്പാക്കുന്ന ഒപ്പു ശേഖരണവും അനുബന്ധമായി ഉണ്ടായിരുന്നു.