നവകേരള പദ്ധതിയുടെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ജ്ജനി പദ്ധതിയിലൂടെ മികുവറ്റതാക്കി കുന്നംകുളം ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ എന്‍ എസ് എസ് ടെക്നിക്കല്‍ സെല്‍ വോളന്റീര്‍മാര്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എന്‍ എസ് എസ് ടെക്നിക്കല്‍ സെല്‍ നടപ്പാക്കുന്ന പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായ അവധിക്കാലത്തെ സമ്മര്‍ ക്യാമ്പിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. പ്രോഗ്രാം ഓഫീസര്‍ പ്രിയദത്ത കെ ആര്, നിതിന്‍ ജോസഫ് വിന്‍സ് വോളണ്ടീയര്‍ സെക്രട്ടറി റുഫൈദാ, റോഷന്, പുനര്‍ജ്ജനി ഫീല്‍ഡ് ഓഫീസര്‍ ബ്ലെസ്സന്‍ പോള്‍, പുനര്‍ജ്ജനി ട്രെയിനര്‍മാരായ രമ്യാ, ആനന്ദ് ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം വോളണ്ടീയര്‍മാരാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
യഥാസമയം അറ്റകുറ്റ പണികള്‍ നടക്കാതെ വരുന്നതുകൊണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്ന അവസ്ഥ വോളന്റിയര്‍മാരുടെ സന്നദ്ധ സേവനത്തിലൂടെ ഇല്ലാതാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നൂതന പദ്ധതിയാണ് പുനര്‍ജ്ജനി. ആശുപത്രികളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങള്‍, ഓപ്പറേഷന് ടേബിളുകള്‍, നെബുലൈസറുകള്‍, ബി പി അപ്പാരറ്റസ്, കട്ടിലുകള്‍, മേശകള്‍, ഡ്രിപ്പ് സ്റ്റാന്റുകള്‍, ട്രോളികള്‍, വീല്‍ ചെയറുകള്‍ വൈദ്യുത ജലവിതരണ സംവിധാനങ്ങള്‍, തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് തുടങ്ങിയുള്ള പ്രവര്ത്തിങ്ങളാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് പുനര്‍ജ്ജനി ഫീല്‍ഡ് ഓഫീസര്‍ ബ്ലെസ്സന്‍ പോള്‍ അറിയിച്ചു. ഏഴു ദിവസത്തെ ക്യാമ്പുകളിലൂടെ 15 ലക്ഷം രൂപയിലേറെ വരുന്ന ആസ്തികള്‍ പുനഃസൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാമഗ്രികളും അവശ്യവസ്തുക്കളും നല്കി നഗരസഭയും, ആശുപത്രിജീവനക്കാരും ഇവര്‍ക്കൊപ്പമുണ്ട്. ഏഴു ദിവത്തെ ക്യാമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സീമ കെ എന്‍ അധ്യക്ഷത വഹിച്ചു.