ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിട്ടില്ലെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷ വൈകുന്നതു കൊണ്ടാണ് ജൂലൈ ഒന്നു മുതല്‍ ബാച്ചുകള്‍ ആരംഭിക്കാന്‍ കഴിയാതിരുന്നതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കേന്ദ്രങ്ങള്‍ അടച്ചുവെന്ന തരത്തിലെ പ്രചാരണം തെറ്റാണ്. സംസ്ഥാനത്ത് ആകെയുള്ള 24 മെയിന്‍ സെന്ററുകളിലേയ്ക്കും 32 സബ്സെന്ററുകളിലേയ്ക്കുമായി 28000 ത്തില്‍ അധികം അപേക്ഷകളാണ് ആകെ ലഭിച്ചത്. വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അപേക്ഷകള്‍ ലഭിക്കുന്നത്. ജൂണ്‍ 16 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒരു സെന്ററില്‍ ഡിഗ്രി ലെവല്‍, എസ്എസ്എല്‍സി ലെവല്‍, ഹോളിഡേ ബാച്ച് എന്ന രീതിയില്‍ ശരാശരി 150 സീറ്റുകള്‍ക്കായി രണ്ടായിരത്തിലധികം അപേക്ഷകള്‍ ആണ് ലഭിച്ചത്. പേരാമ്പ്ര സെന്ററില്‍ മാത്രം ഒന്‍പതിനായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പെന്ന് ഡയറക്ടര്‍ അറിയിച്ചു.
