കൊല്ലം കോര്‍പ്പറേഷന്‍ ജില്ലാ ആശുപത്രിയിലേക്ക് പുതിയ ഡയാലിസിസ് മെഷീനുകള്‍ നല്‍കി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍ നാലു ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് ലഭ്യമാക്കിയത്. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഡി.വസന്തദാസിന് ഉപകരണങ്ങള്‍ കൈമാറി. ആവശ്യമായ സഹായങ്ങള്‍ തുടര്‍ന്നും കോര്‍പ്പറേഷന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും പുതിയ കസേരകള്‍ വാങ്ങി നല്‍കുമെന്നും മേയര്‍ പറഞ്ഞു.
നിലവില്‍ ജില്ലാശുപത്രിയില്‍ 20 ബെഡുകളുള്ള ഡയാലിസിസ് യൂണിറ്റ് ആണുള്ളത്. എച്ച്.ഐ.വി പോസിറ്റീവ്, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗികള്‍ക്കായുള്ള ഡയാലിസിസ് യൂണിറ്റും ഉണ്ട്. കോവിഡ് പോസിറ്റീവ് രോഗികള്‍ക്കായുള്ള ഡയാലിസിസ് യൂണിറ്റ് പരിഗണനയിലുണ്ടെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് പറഞ്ഞു.ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഗീതാകുമാരി, എസ്. ജയന്‍, പവിത്ര, ജി. ഉദയകുമാര്‍, ഹണി ബെഞ്ചമിന്‍, എ. കെ. സവാദ്, സവിത ദേവി, സെക്രട്ടറി പി. കെ. സജീവ്, ഡോ. സൗമ്യ എന്നിവര്‍ പങ്കെടുത്തു.
