– ജനറൽ സർജറി ഒ.പി. പ്രവർത്തനം പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതം
ആലപ്പുഴ: ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി നിർവഹണം രണ്ടാംഘട്ടത്തിലേക്ക്. ഇന്നു(ജൂലൈ 7) മുതൽ ജനറൽ സർജറി വിഭാഗത്തിന്റെ ഒ.പി. പ്രവർത്തനം പൂർണമായി കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ പറഞ്ഞു.
ഒ.പിയിൽ വരുന്ന രോഗികളുടെ ചികിത്സാ വിവരങ്ങൾ ഇനി മുതൽ സംസ്ഥാനതലത്തിലെ കമ്പ്യൂട്ടർ സെർവറുകളിൽ ശേഖരിക്കും. ഇത് തുടർചികിത്സയിലും മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുമ്പോളും ഉപയോഗിക്കാവുന്നതാണ്. അതിനാൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. ഓരോ രോഗിക്കും നൽകുന്ന യു.എച്ച്.ഐ.ഡി. കാർഡ് ഉപയോഗിച്ച് സംസ്ഥാനത്തിലെ എല്ലാ ഇ-ഹെൽത്ത് അധിഷ്ഠിത ആശുപത്രികളിലും ചികിത്സ രേഖകൾ എളുപ്പത്തിൽ ലഭ്യമാകും. അടുത്ത ഘട്ടമായി മറ്റു വിഭാഗങ്ങളിലേ ഒ.പികളും ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറും. ലാബുകൾ, ഫാർമസി, മെഡിക്കൽ റെക്കോർഡ് ലൈബ്രറി എന്നിവയും ഇ-ഹെൽത്തുമായി ബന്ധിപ്പിക്കും. എക്‌സറേ, സി.ടി, എം.ആർ.ഐ. സ്‌കാൻ എന്നിവയുടെ ഫിലിമെടുക്കാതെ ഡോക്ടറുടെ കമ്പ്യൂട്ടറിലേക്ക് ഇവയുടെ ഡിജിറ്റൽ ഇമേജ് നേരിട്ട് ലഭ്യമാകുന്ന പിക്ചർ അച്ചീവിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ(പാക്‌സ് ) സംവിധാനവും ആരംഭിക്കും. ഘട്ടംഘട്ടമായി ഐ.പി. വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, അത്യാഹിത വിഭാഗം എന്നിവയും ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറ്റുമെന്ന് സൂപ്രണ്ട് പറഞ്ഞു.