പത്തനംതിട്ട: ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുളള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാരുടെ ഒന്ന് വീതം സ്ത്രീ-ജനറല്‍ അംഗങ്ങളെയും തെരഞ്ഞെടുത്ത് രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെയാണു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ജനറല്‍ വിഭാഗത്തില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലറായ പി.കെ.അനീഷിനേയും സ്ത്രീ വിഭാഗത്തില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ രാജി ചെറിയാനേയും തെരഞ്ഞെടുത്തു.
ജനറല്‍ വിഭാഗത്തില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ.അനീഷ്, സി.കെ അര്‍ജുനന്‍ എന്നിവരും സ്ത്രീ വിഭാഗത്തില്‍ തിരുവല്ല നഗരസഭ കൗണ്‍സിലര്‍ സാറാമ്മ ഫ്രാന്‍സിസ്, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ രാജി ചെറിയാന്‍ എന്നിവരാണ് മത്സരിച്ചത്. ജനറല്‍ വിഭാഗത്തില്‍ ആകെ പോള്‍ചെയ്ത 102 വോട്ടില്‍ 61 വോട്ട് പി.കെ.അനീഷിനും 40 വോട്ട് സി.കെ.അര്‍ജുനനും ലഭിച്ചു. ഒരു വോട്ട് അസാധുവായി. സ്ത്രീ വിഭാഗത്തില്‍ ആകെ പോള്‍ചെയ്ത 102 വോട്ടില്‍ 61 വോട്ട് രാജി ചെറിയാനും 41 വോട്ട് സാറാമ്മ ഫ്രാന്‍സിസിനും ലഭിച്ചു.
ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. ജില്ലാ പഞ്ചായത്തംഗങ്ങളെ തെരഞ്ഞെടുക്കുന്നതായിരുന്നു ആദ്യ ഘട്ടം. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ചേര്‍ന്ന് 10 അംഗങ്ങളെയാണ് ആസൂത്രണ കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തത്. ഒരു പട്ടികജാതി സ്ത്രീ, ഒരു പട്ടികജാതി അംഗം, നാലുവീതം സ്ത്രീ-ജനറല്‍ അംഗങ്ങള്‍ എന്നിവരെയാണു തെരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജി പി രാജപ്പന്‍ (എസ്.സി. വനിത), വി.ടി അജോമോന്‍ (എസ്.സി.ജനറല്‍), ലേഖാ സുരേഷ്, സി.കെ ലതാകുമാരി, സാറാ തോമസ്, ബീനപ്രഭ, ആര്‍.അജയകുമാര്‍, ജിജി മാത്യു, സി.കൃഷ്ണകുമാര്‍, ജോര്‍ജ് ഏബ്രഹാം എന്നിവരെയാണു തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.