കണ്ണൂർ:വായനയെന്നത് വൈയക്തികമായ അനുഭൂതികള്‍ നല്‍കുന്ന പ്രക്രിയ മാത്രമല്ലെന്നും അത് സമൂഹത്തെയാകമാനം പുതുക്കിപ്പണിയുന്നതിനുള്ള ശക്തമായ ആയുധമാണെന്നും നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. സംസ്ഥാന സര്‍ക്കാരും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായന വിമോചനത്തിന്റെ ആയുധമാണ്. സമൂഹത്തെ വിമോചിപ്പിക്കുന്ന രാഷ്ട്രീയ പ്രക്രിയ കൂടിയാണത്. അതുകൊണ്ടുതന്നെ നിലവിലെ അധികാര സംവിധാനങ്ങള്‍ തുടരണമെന്നാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം വായന വലിയ അലോസരമാണ് സൃഷ്ടിക്കുന്നത്.

സ്റ്റാന്‍ സ്വാമിയെ പോലെ വായിക്കുകയും ചിന്തിക്കുകയും സമൂഹത്തിലെ അനീതിക്കും അസമത്വത്തിനുമെതിരെ ശബ്ദിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്യാനാണ് അവരുടെ ശ്രമം. ഭഗത് സിംഗിന്റെ ആത്മകഥാ പുസ്തകം കൈവശം വയ്ക്കുന്നത് രാജ്യദ്രോഹമാകുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ടെക്നോളജിയുടെ കാലത്ത് വായന മരിക്കുകയല്ല പുതിയ രീതിയില്‍ അത് വികസിക്കുകയാണ് ചെയ്യുന്നത്. ഈ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തി ചുരുങ്ങിയ ചെലവില്‍ ഡിജിറ്റല്‍ വായനയ്ക്ക് സംവിധാനമൊരുക്കാന്‍ ഗ്രന്ഥശാലകള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന പ്രസ്ഥാനത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊള്ളുകയും അതോടൊപ്പം അതിനെ പ്രചോദിപ്പിക്കുകയും ചെയ്താണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ന്നുവന്നത്. വായനയെന്ന സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ് ആധുനിക കേരളം രൂപപ്പെട്ടത്. ജനാധിപത്യത്തിന്റെ തുരുത്തായി കേരളം ഇന്നും തുടരുന്നതിന് കാരണമിതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വായനാ സന്ദേശം നല്‍കി. വായനയുടെ വസന്തം സൃഷ്ടിച്ചുകൊണ്ടുള്ള സംഘടിത വൈജ്ഞാനിക മുന്നേറ്റമായി വായനാപക്ഷാചരണം മാറിയതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ നിരക്ഷരതാ നിര്‍മാര്‍ജനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഗ്രന്ഥശാലകള്‍ക്കായി. വായനാ പക്ഷാചരണങ്ങളുടെ വലിയ വിജയം പുതിയ കാലത്ത് വായന ഇല്ലാതാക്കുന്നുവെന്ന വാദത്തെ അപ്രസക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനായി. ഐ വി ദാസ് അനുസ്മരണ പ്രഭാഷണം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു നിര്‍വഹിച്ചു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കെ വി കുഞ്ഞികൃഷ്ണന്‍, കരിവെള്ളൂര്‍ മുരളി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ രമേഷ് കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍, സെക്രട്ടറി പി കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി സ്നേഹ ഗാഥ എന്ന പേരില്‍ നടത്തുന്ന സ്ത്രീ ശാക്തീകരണ ബോധവല്‍ക്കരണ ക്യാംപയിനുമായി ബന്ധപ്പെട്ട് സിനിമാ സംവിധായകന്‍ പ്രദീപ് ചൊക്ലി വരച്ച ചിത്രത്തില്‍ കൈയൊപ്പ് ചാര്‍ത്തിയായിരുന്നു സ്പീക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഡോ. എസ് പ്രശാന്ത് കൃഷ്ണന്റെ നേതൃത്വത്തില്‍ വായനശാലാ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയായിരുന്നു ചടങ്ങിന് തുടക്കമായത്.