മലപ്പുറം:  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘സ്മാര്‍ട്ട് കിച്ചണ്‍’ പദ്ധതിക്ക് ടെണ്ടറായി. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും ഒരു കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. 2018 – 19 വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോട്ടക്കല്‍ മണ്ഡലത്തിലെ പത്ത് സ്‌കൂളുകളില്‍ സ്മാര്‍ട്ട് കിച്ചണ്‍ നിര്‍മ്മാണത്തിന് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. സ്‌കൂള്‍ കിച്ചണുകള്‍ക്ക് സൗകര്യപ്രദമായ കെട്ടിട നിര്‍മ്മാണത്തിനും പാചകം എളുപ്പത്തിലാക്കുന്നതിന് അനര്‍ട്ടിന്റെ പേറ്റന്റോടു കൂടിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുമായി പത്ത് ലക്ഷം രൂപ വീതമാണ് ഓരോ സ്‌കൂളിനും അനുവദിച്ചിട്ടുള്ളത്.

മോഡേണ്‍ സ്റ്റീം കുക്കിംഗ് സിസ്റ്റം, ഇന്ധനചെലവ് കുറവ്, സമയ ലാഭം എന്നിവയാണ് പുതുതായി നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയുടെ പ്രത്യേകതകള്‍. തദ്ദേശ സ്വയം ഭരണ വിഭാഗം എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല. എ.എല്‍.പി.സ്‌കൂള്‍ പൈങ്കണ്ണൂര്‍, ബി.എം.എം യു.പി.സ്‌കൂള്‍ ചാപ്പനങ്ങാടി, കെ.എം.യു.പി.സ്‌കൂള്‍ എടയൂര്‍, കെ.വി.യു.പി.സ്‌കൂള്‍ വടക്കും പുറം, എ.എം.എല്‍.പി സ്‌കൂള്‍ എടയൂര്‍ നോര്‍ത്ത്, കെ.എം.എ. യു.പി.സ്‌കൂള്‍ കാര്‍ത്തല, പി.എം.എസ്.എ പി.ടി.എം. എല്‍.പി.സ്‌കൂള്‍ ചങ്കുവെട്ടി, ജി.എം.എല്‍.പി സ്‌കൂള്‍ കല്ലാര്‍ മംഗലം, എ.എല്‍.പി സ്‌കൂള്‍ ഇരിമ്പിളിയം, വി.വി.എ.യു.പി സ്‌കൂള്‍ വെണ്ടല്ലൂര്‍ എന്നീ സ്‌കൂളുകളിലാണ് എം.എല്‍.എ ഫണ്ടുപയോഗിച്ച് സൗകര്യപ്രദമായ അടുക്കളകള്‍ നിര്‍മ്മിക്കുന്നത്.