ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ ഉടൻ നടപടി

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്. വാക്സിനേഷൻ പ്രവർത്തനങ്ങളും കോവിഡ് പരിശോധനകളും ഊർജ്ജിതമാക്കാൻ ബ്ലോക്ക് തല ടാസ്ക്ക് ഫോഴ്സ് മീറ്റിംഗിൽ പ്രസിഡൻ്റ് ടി.വി. പ്രതീഷ് നിർദ്ദേശം നൽകി. നിലവിൽ ബ്ലോക്കിനു കീഴിലെ രണ്ടു പഞ്ചായത്തുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ളത്.

ടി.പി.ആർ നിരക്ക് 5 -ൽ താഴെയാക്കുവാൻ കാര്യക്ഷമമായ പരിശോധനകൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ബുധൻ മുതൽ ചൊവ്വ വരെയുള്ള ടെസ്റ്റുകൾ മുൻകൂട്ടി പ്ലാൻ ചെയ്യും. ബ്ലോക്ക് തല മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിൻ്റെ സേവനം കൂടുതലായി ഉപയോഗപ്പെടുത്തുവാൻ ഗ്രാമപഞ്ചായത്തുകൾ മുൻകൈയ്യെടുക്കണമെന്നും നിർദ്ദേശമുണ്ടായി. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുവാൻ, എല്ലാ ഗ്രാമപഞ്ചായത്തിലും , ഔട്ട് റീച്ച് സെഷൻ ആരംഭിക്കും.
എല്ലാ ബുധനാഴ്ചകളിലും ഗ്രാമ പഞ്ചായത്തുതല ടാസ്ക് ഫോഴ്സ് മീറ്റിംഗ് ചേർന്ന്, അടുത്ത ഒരാഴ്ചയിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കും. വ്യാപാരികൾക്കും, മറ്റ് സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ വ്യക്തത നൽകും. ഒരേ ഗ്രേഡിൽ വരുന്ന സമീപ പഞ്ചായത്തുകളിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഏകതയുണ്ടാവണമെന്നും നിർദ്ദേശിച്ചു. തിങ്കളാഴ്ചയോടെ, വിവിധ പഞ്ചായത്തുകളിലെ ടി.പി.ആർ നില വിലയിരുത്തി, ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമായ ഉപദേശം നൽകാൻ ഹെൽത്ത് സൂപ്പർവൈസറെയും ചുമതലപ്പെടുത്തി.
കോവിഡ് മാനദണ്ഡങ്ങളും, ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്കെതിരെ മുഖം, നോക്കാതെ നടപടിയെടുക്കും. അതിഥി തൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ തുടങ്ങിയവരെ കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്യണമെന്നും യോഗം തീരുമാനിച്ചു.

വ്യാപാരി വ്യവസായി സംഘടനകൾ, ഇത്തരം കാര്യങ്ങളിൽ ഗ്രാമ പഞ്ചായത്തുകൾക്ക് എല്ലാ സഹായവും യോഗത്തിൽ വാഗ്ദാനം ചെയതു.
ബ്ലോക്ക് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ, വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻ്റുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ,
പോലീസ്, വ്യാപാരി വ്യവസായി സമിതികളുടെ വിവിധ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഫോട്ടോ : പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ബ്ലോക്ക് തല ടാസ്ക് ഫോഴ്സ് യോഗം.