ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ജൂലൈ ഒന്നു മുതല്‍ നോണ്‍ കോവിഡ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്റ്റാഫിനും കൂടുതലായി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ നിലവിലുള്ള സംവിധാനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എം.ആര്‍ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഒ.പികള്‍ താല്‍ക്കാലികമായി നിര്‍ത്തുവാനും ജനറല്‍ ഒ.പി തുടരുവാനും തീരുമാനിച്ചു. പുതിയ അഡ്മിഷനുകള്‍ വാര്‍ഡുകളിലേക്ക് എടുക്കുന്നതല്ല. നിലവിലുള്ള രോഗികളെ ഡിസ്ചാര്‍ജ് ആകുന്നത് വരെ നിലനിര്‍ത്താനും അതിനുശേഷം വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍ അണുവിമുക്തമാക്കുന്നതിനു വേണ്ടി രണ്ട് ആഴ്ച അടച്ചിടുവാനും തീരുമാനിച്ചു. (ഓപ്പറേഷന്‍ തിയേറ്റര്‍ എമര്‍ജന്‍സി ഒഴികെ പ്രവര്‍ത്തിക്കുന്നതല്ല). കുട്ടികളും പ്രായമായവരും ആശുപത്രിയില്‍ വരുന്നത് പരമാവധി ഒഴിവാക്കുവാനും ഇ-സഞ്ജീവനി ഒ.പി പരമാവധി പ്രയോജനപ്പെടുത്താനും സൂപ്രണ്ട് നിര്‍ദേശിച്ചു. കാഷ്വാലിറ്റി 24 മണിക്കൂറും ഉണ്ടായിരിക്കും.
