എറണാകുളം: വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് എറണാകുളം ജില്ലയിൽ തുടക്കമായി. കുസാറ്റിൽ സംഘടിപ്പിച്ച വ്യവസായ പരാതി പരിഹാര അദാലത്തിൽ 118 അപേക്ഷകളാണ് ലഭിച്ചത്. നിരവധി പരാതികളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടനടി പരിഹാരം കണ്ടെത്തി.
പുതിയ സർക്കാർ ചുമതലയേറ്റ് 11-ാം ദിവസം വ്യവസായികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരാതിപരിഹാര അദാലത്തുകൾ നടത്താൻ തീരുമാനിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പി. രാജീവ് അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ പരാതികളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തുമെന്ന് അറിയിച്ച മന്ത്രി കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയുന്ന വിധമായിരിക്കും നിയമത്തിന് രൂപം നൽകുന്നതെന്നും കൂട്ടിച്ചേർത്തു.
വ്യവസായ രംഗത്ത് ഉടലെടുക്കുന്ന ഭൂരിപക്ഷം പരാതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം പരാതികളിൽ വ്യവസായ വകുപ്പിന് ഇടപെടാനുള്ള പരിമിതി പരിഹരിക്കുന്നതിന് വ്യവസായ പരാതിപരിഹാര സമിതിക്ക് സർക്കാർ രൂപം നൽകും. സർക്കാരും വ്യവസായ സമൂഹവും സംയുക്തമായാണ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനായുള്ള അന്തരീക്ഷം ഒരുക്കുന്നത്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ വിവിധ ജില്ലകളിലെ വ്യവസായ രംഗത്തെ പരാതികൾ പരിഹരിക്കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഏകജാലക സംവിധാനത്തിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ എഴുപതിനായിരത്തിലധികം എം.എസ്.എം.ഇ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. വ്യവസായ സമൂഹവും സർക്കാരും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് പറഞ്ഞ മന്ത്രി നാടിനെതിരായ നീക്കങ്ങളെ ഒന്നിച്ച് പ്രതിരോധിക്കുമെന്നും കൂട്ടിച്ചേർത്തു.
കുസാറ്റിൽ നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിമാരായ കെ. ഇളങ്കോവൻ, എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വികസന കോർപ്പറേഷൻ എം.ഡി എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
