വിധി തോല്‍പ്പിച്ചു കളഞ്ഞു എന്ന് വിചാരിക്കുമ്പോള്‍ അതേ വിധിയെ വെല്ലുവിളിച്ച് ജയിച്ചു കാണിക്കുന്ന ചിലരുണ്ട്. അതിലൊരാളാണ് ഫാത്തിമ പി എം എന്ന് പറയാം. സംസ്ഥാന ബ്ലൈന്റ് ക്രിക്കറ്റ് ടീം അംഗമായ മതിലകം സ്വദേശിനിയായ പി എം ഫാത്തിമ ഉള്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതി നേടിയത് പ്രകാശമാര്‍ന്ന വിജയം. എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡുകളാണ് ഫാത്തിമ നേടിയത്. സ്‌ക്രൈബ് സംവിധാനത്തിലായിരുന്നു പരീക്ഷ.കാഴ്ചയുടെ വൈകല്യങ്ങളെ മറികടന്ന് ഏറെ പ്രതിബന്ധങ്ങളിലൂടെയാണ് ഫാത്തിമയും നാല് കൂട്ടുകാരും പരീക്ഷ എഴുതിയത്. ആലുവ കീഴ്മാട് ഗവ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരും പരീക്ഷയില്‍ ജയിച്ചു. ഇതില്‍ ഫാത്തിമയ്ക്കും തൃശൂര്‍ വലപ്പാട് സ്വദേശിനിയായ നര്‍മദ രവിയും എ പ്ലസോടെ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. തനിക്കൊപ്പം കൂട്ടുകാരിയ്ക്ക് കൂടി എ ഗ്രേഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫാത്തിമ. സംസ്ഥാന ബ്ലൈന്റ് ക്രിക്കറ്റ് ടീമില്‍ ഫാത്തിമയ്‌ക്കൊപ്പം നര്‍മ്മദയുമുണ്ട്.

ജന്മനാ അന്ധയായ ഫാത്തിമ രണ്ടാം ക്ലാസ് വരെ മതിലകം കാതിക്കോട് നഫീസ മെമ്മോറിയല്‍ സ്‌കൂളിലാണ് പഠിച്ചത്. ക്രാഫ്റ്റിലും മറ്റ് കലാമത്സരങ്ങളിലും മിടുക്കിയായ ഫാത്തിമയെ സ്‌കൂളിലെ അധ്യാപകനായ വിശ്വനാഥനാണ് ആലുവയിലെ അന്ധവിദ്യാലയത്തില്‍ ചേര്‍ക്കുന്നത്. ഇവിടെ നിന്ന് സംസ്ഥാനതല പ്രവൃത്തിപരിചയ മേളകളിലും കലോത്സവങ്ങളിലും സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. ഏഴാം ക്ലാസ് വരെയാണ് ആലുവ കീഴ്മാട് സ്‌കൂളില്‍ നേരിട്ട് ക്ലാസുകളുള്ളത്. ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ പഠിക്കുന്നതും പരീക്ഷ എഴുതും കുട്ടമശ്ശേരി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലാണ്. അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കായി ഇവിടെ ഹോസ്റ്റല്‍ സൗകര്യവും സ്‌പെഷ്യല്‍ ട്യൂഷനും ഏര്‍പ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ് കഴിഞ്ഞതോടെ സ്‌കൂളിലെ ഹോസ്റ്റലില്‍ നിന്നായി പഠനം. അമ്മൂമ്മ സുബൈദയാണ് ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് കൊണ്ട് വരുന്നതും കൊണ്ടാക്കുന്നതും. ഇതിനിടെ സംസ്ഥാന ക്രിക്കറ്റ് ടീമിലും അംഗമായി. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. കോവിഡ് കാലമായതോടെ പഠനം ഓണ്‍ലൈനായി. സമപ്രായക്കാരിയും ബന്ധുവുമായ ജസീറയോടൊപ്പമായി പിന്നീട് പഠനം. നോട്ടുകള്‍ എഴുതാനും വായിക്കാനും ജസീറ സഹായിച്ചതോടെ പഠനം എളുപ്പമായി. മതിലകം ഊമന്‍ന്തറ പറക്കോട്ട് മജീദ് – ജാസ്മിന്‍ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയതാണ് ഫാത്തിമ. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ എന്നിവര്‍ വീട്ടിലെത്തി ഫാത്തിമയെ അനുമോദിച്ചു.