സത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ഗൗരവത്തോടെ കാണുന്നതിന്റെ ഭാഗമായാണ് കേരള പൊലീസിന്റെ ഉദ്യമ സേവനങ്ങളിൽ ഒന്നായി പിങ്ക് പൊലീസ് കൺട്രോൾ റൂമും പട്രോളിങ് സംവിധാനവും സർക്കാർ ആവിഷ്‌കരിച്ചതെന്ന് പട്ടികജാതി-പട്ടികവർഗ- പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക–പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. പൊതുസ്ഥലത്ത് സ്ത്രീകളുടേയും കുട്ടികളുടേയും  സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച പിങ്ക് പോലീസ് സേവനം പാലക്കാട് ജില്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ക്രൈംബ്രാഞ്ച് ഡി.വൈഎസ്.പിയും ജനമൈത്രി പൊലീസ് നോഡൽ ഓഫീസറുമായ പി. ശശി കുമാർ അധ്യക്ഷനായി . സംസ്ഥാനത്തെ ഏഴാമത്തെ പിങ്ക് പൊലീസ് സംവിധാനമാണ് ജില്ലയിൽ ഉദ്ഘാടനം ചെയ്തത്.സംസ്ഥാന സർക്കാർ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനും സുരക്ഷയ്ക്കും വലിയ പ്രധാന്യം നൽകുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.അവർക്കായി പ്രത്യേക വകുപ്പ് തന്നെ രൂപവത്കരിച്ചിട്ടുണ്ട്. പിങ്ക് പൊലീസ് ഉൾപ്പെടെ നിരവധി പദ്ധതികൾ പൊലീസിൽ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാൻ വനിതാ പൊലീസിന്റെ സാന്നിധ്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വനിത സെല്ലുകൾ നിലവിലുണ്ട്. ഇവിടെ ഗാർഹിക അതിക്രമങ്ങൾ പരിഹരിക്കുന്നതിനുളള കൗൺസലിങ് ലഭ്യമാണ്. പൊലീസ് സ്റ്റേഷനുകൾ സ്ത്രീ സൗഹാർദമാകണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വനിതകൾ മാത്രമുളള പത്ത് സ്റ്റേഷനുകൾ നിലവിലുണ്ട്. പൊലീസിൽ വനിതാ പ്രാതിനിധ്യം പതിനഞ്ച് ശതമാനമാക്കി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വനിതാ ബറ്റാലിയൻ ആരംഭിക്കുകയും 451 തസ്തികകൾ അനുവദിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. വനിതാ പ്രാതിനിധ്യം 25 ശതമാനം ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.   ആധുനികവത്കരിച്ചും ശാസ്ത്രീയ കുറ്റാന്വേഷ്ണത്തിന് പരിശീലനം നൽകിയും പൊലീസ്  സ്റ്റേഷനിലെ അന്തരീക്ഷം കൂടുതൽ ജനസൗഹാർദമാക്കിയും പൊലീസ് സേനയെ വാർത്തെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിനോടൊപ്പം മര്യാദയോടെയുള്ള പെരുമാറ്റവും അഴിമതിരഹിത പ്രവർത്തനവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
 ഡി.പി.ഒ അനക്‌സ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ ഐ.പി.എസ് , സ്‌പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സെയ്താലി, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.എൽ.രാധാകൃഷ്ണൻ, പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി.വിജയകുമാർ, ഡി.വൈ.എസ്.പി (അഡ്മിനിസ്‌ട്രേഷൻ) കെ.സുന്ദരൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ  പങ്കെടുത്തു.