മലബാറിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവ് പകരുന്ന മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിക്ക് തുടക്കമാവുന്നു. മലബാർ മേഖലയിലെ വിവിധ നദികളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം 30ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പറശിനിക്കടവിൽ നിർവഹിക്കും. അഞ്ച് വർഷം കൊണ്ട് രണ്ടു ലക്ഷം പുതിയ തൊഴിൽ കണ്ടെത്താൻ സാധിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
325 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 53 കോടി രൂപയുടെ ഭരണാനുമതിയായി. എട്ടു നദികളിൽ ആറു നദികളിലെ പദ്ധതി കേരളം നടപ്പാക്കും. രണ്ടു നദികളിലെ നിർമാണ പ്രവൃത്തികൾക്ക് കേന്ദ്രാനുമതിയായിട്ടുണ്ട്. കണ്ണൂർ എയർപോർട്ട് സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ മലബാർ മേഖലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാഹി നദിയിൽ മാർഷ്യൽ ആർട്‌സ് ആന്റ് കളരി ക്രൂയിസ്, അഞ്ചരക്കണ്ടി നദിയിൽ പഴശിരാജ ആന്റ് സ്‌പൈസസ് ക്രൂയിസ്, വളപട്ടണം നദിയിൽ മുത്തപ്പൻ ആന്റ് മലബാരി ക്യൂസിൻ ക്രൂയിസ്, വളപട്ടം നദിയിൽ ബേർഡ്‌സ് ആന്റ് അഗ്രി ക്രൂയിസ്, തെയ്യം ക്രൂയിസ്, കുപ്പം നദിയിൽ കണ്ടൽ ക്രൂയിസ്, പെരുമ്പ നദിയിൽ മ്യൂസിക് ക്രൂയിസ്, കവ്വായി നദിയിലും വലിയ പറമ്പ കായലിലുമായി ഹാന്റ്‌ലൂം ആന്റ് ഹാന്റിക്രാഫ്‌സ് ക്രൂയിസ്, തേജസ്വിനി നദിയിൽ വാട്ടർ സ്‌പോർട്ട് ആന്റ്് റിവർ ബാത്തിംഗ് ക്രൂയിസ്, വലിയ പറമ്പ കായലിലൂടെ മോഡൽ റെസ്‌പോൺസിബിൾ വില്ലേജ് ക്രൂയിസ്, ചന്ദ്രഗിരി നദിയിൽ യക്ഷഗാന ക്രൂയിസ് എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുക. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയായിട്ടാവും ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ, പദ്ധതിയുടെ ആർക്കിടെക്റ്റ് മധുകുമാർ എന്നിവർ സംബന്ധിച്ചു.