തൃശ്ശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന മണ്ണുത്തി ദേശീയ പാതയിൽ അത്യാഹിത വിഭാഗങ്ങൾക്കായി ട്രോമാ കെയർ യൂണിറ്റ് സജ്ജമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂക്കര ബ്ലോക്കിൽ ഓക്സിജൻ കോൺസൻ്റേറ്ററുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മാക്സ് വാല്യൂ എംഡി ഗിരീഷാണ് ഒല്ലൂക്കര ബ്ലോക്കിലേക്ക് നാല് ഓക്സിജൻ കോൺസൻ്റേറ്ററുകളും 10 മൊബൈൽ ഫോണുകളും നൽകിയത്. ഒല്ലൂക്കര ബ്ലോക്കിലെ നടത്തറ, മാടക്കത്തറ, പുത്തൂർ, പാണഞ്ചേരി ഗ്രാമപഞ്ചായത്തുകൾക്കായി ഓരോ ഓക്സിജൻ കോൺസൻ്റേറ്ററുകൾ വീതം നൽകും.പുത്തൂർ ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് സ്കൂളിലെ ഡിവൈസ് ലൈബ്രറിയിലേക്കാണ് 10 മൊബൈൽ ഫോണുകൾ നൽകിയത്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമ താരം ജയകൃഷ്ണൻ മുഖ്യാതിഥിയായി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.പി.രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, ഇന്ദിര മോഹൻ പുത്തൂർ വൈസ് പ്രസിഡന്റ് അശ്വതി സുനിഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.