വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന് തൃശൂർ മദർ ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് സംഭാവന നൽകി. ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ആംബുലൻസിൻ്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു. മഹാമാരികളെയും പ്രതിസന്ധികളെയും മറികടക്കുന്നതിന് കക്ഷിരാഷ്ട്രീയമില്ലാത്ത എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്തിന് സ്വന്തമായി ആംബുലൻസ് ഇല്ലാത്തതിൻ്റെ പോരായ്മ മനസ്സിലാക്കിയതിനെ തുടർന്നാണ് ഹോസ്പിറ്റലിൻ്റെ സി എസ് ആർ ഫണ്ടിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ മുതൽ മുടക്കിൽ ആംബുലൻസ് സംഭാവന നൽകിയത്. മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, മദർ ഗ്രൂപ്പ് ചെയർമാൻ ഡോ. അലി, അമീർ പി ഹംസ തുടങ്ങിയവർ പങ്കെടുത്തു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൗമ്യ സുകു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബെന്നി ആൻ്റണി, ഗസാലി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ വി പ്രബീഷ്, ഷാജു അമ്പലത്ത്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ സി ജോസഫ്, വാസന്തി ആനന്ദൻ, എ ടി അബ്ദുൾ മജീദ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദിനി വേണു സ്വാഗതവും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് മിനി നന്ദിയും പറഞ്ഞു.