*ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം ചെയ്തു
വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ വിജ്ഞാനത്തിനൊപ്പം സ്വയം അറിവിനെ പുതുക്കാനുള്ള അവസരംകൂടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ദേശീയ വായനാ മഹോത്സവം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. വായന പുതിയ സാങ്കേതിക വിദ്യയുടെ ഭാഗമായി പുതിയ തലത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. ഇതിനെ ഉള്‍ക്കൊള്ളുകതന്നെ വേണം. ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് മാറുന്ന ലോകമാണ് ഇന്നുള്ളത്. ഏത് രീതിയിലാണെങ്കിലും വാനയ സ്വഭാവത്തിന്റെ ഭാഗമാക്കുകയാണ് പ്രധാനം. സംസ്ഥാന സര്‍ക്കാര്‍ വായനയെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പി.ജെ.കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എം.എല്‍.എ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, പാലോട് രവി എന്നിവര്‍ അതിഥികളായിരുന്നു. ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വായനാദിന മാസാചരണം ജനറല്‍ കണ്‍വീനര്‍ പന്ന്യന്‍ രവീന്ദ്രന്‍ സ്വാഗതവും ഡിജിറ്റല്‍ സാക്ഷരതാ കണ്‍വീനര്‍ ചെറിയാന്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. ദേശീയ-സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാക്കളെയും ശ്രേഷ്ഠരായ അദ്ധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിച്ചു. ജോണ്‍സണ്‍ റോച്ച് രചിച്ച ആശയങ്ങളുടെ ഉന്മൂലനം എന്ന പുസ്തകം ഗവര്‍ണര്‍ അതിരൂപതാ സഹായ മെത്രാന്‍ റവ.ഡോ.ആര്‍.ക്രിസ്തുദാസിന് നല്‍കി പ്രകാശനം ചെയ്തു.