കാസർഗോഡ്  ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളുടെ അവശ്യ സൗകര്യങ്ങൾ സംബന്ധിച്ച സർവേ വ്യാഴാഴ്ച പൂർത്തീകരിച്ചതായി ഈസ് ഓഫ് ലിവിങ് സർവേ ജില്ലാ നോഡൽ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ കെ പ്രദീപൻ അറിയിച്ചു. 38 ഗ്രാമ പഞ്ചായത്തുകളിലെ 2166 എന്യൂമറേഷൻ ബ്ലോക്കുകളിലെ 46930 അതിദരിദ്ര കുടുംബങ്ങളുടെ കുടിവെള്ളം, വൈദ്യുതി, സ്വന്തം ഭവനം, കക്കൂസ്, ഗ്യാസ് തുടങ്ങിയ ഈസ് ഓഫ് ലിവിംഗ് സർവേ ഡാറ്റ ശേഖരണമാണ് പൂർത്തിയായത്.

ഗ്രാമീണ കുടുംബങ്ങളെ ഇല്ലായ്മകളിൽ നിന്ന് അന്തസ്സുള്ള ജീവിത ശൈലിയിലേക്ക് മാറ്റുന്നതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തിയ സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെൻസസ് 2011ലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനാണ് ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും സംയുക്ത സർവേ നടത്തിയത്. സർക്കാരിന്റെ മുൻനിര പരിപാടികൾ കേന്ദ്രീകരിച്ചിട്ടുള്ള 16 ഗാർഹിക മാനദണ്ഡങ്ങളിൽ ഇവരുടെ ഇന്നത്തെ ജീവിത സൗകര്യം തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ വിലയിരുത്താനും കുടുംബങ്ങളിലെ ദാരിദ്യാവസ്ഥയിലെ മാറ്റം അളക്കാനും സർവ്വേ ലക്ഷ്യമിടുന്നു.

കോവിഡ് ഭീഷണിക്കിടയിലും ജൂലൈ അഞ്ച് മുതൽ 17 ദിവസം സർവേ പൂർത്തീകരിക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ, എസ്.സി പ്രൊമോട്ടർമാർ തുടങ്ങിയവർക്ക് നോഡൽ ഓഫീസർ നന്ദി അറിയിച്ചു.