കാസർഗോഡ്: ടോക്കിയോ ഒളിമ്പിക്‌സിന് ഐക്യദാർഡ്യവുമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ദീപശിഖാറാലി നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ ദീപശിഖ തെളിയിച്ചു. കാർ റൈഡർ മൂസാ ഷെരീഫും ബൈക്ക് റൈഡർ പി എൻ സൗമ്യയും ദീപശിഖ ഏറ്റുവാങ്ങി. കളക്ടറേറ്റ് പരിസരത്ത് കളക്ടറേറ്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽവെച്ച് എ.ഡി.എം എ.കെ. രമേന്ദ്രൻ ദീപശിഖ ഏറ്റുവാങ്ങി. കാസർകോട് പുതിയ ബസ്‌സ്റ്റാൻറ് പരിസരം മുതൽ കളക്ടറേറ്റ് വരെയാണ് ദീപശിഖാ റാലി നടത്തിയത്. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻറ് പി.പി. അശോകൻ സ്വാഗതവും ജില്ലാ സ്‌പോർട്‌സ് ഓഫീസർ സുദീപ് ബോസ്് നന്ദിയും പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് റാലി നടത്തിയത്.

ഒളിമ്പിക്‌സ് സന്ദേശവുമായി ജില്ലാ ഒളിമ്പിക് അസോസേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കായിക അസോസിയേഷനുകളെ കൂട്ടിയോജിപ്പിച്ച് വിവിധ പരിപാടികൾ നടത്തി. ഒളിമ്പിക്‌സിനോടും ഇന്ത്യൻ കായിക താരങ്ങളുടെ വിജയത്തിനും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒളിമ്പിക്‌സിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.
ജില്ലയിലെ ദേശീയ താരങ്ങളുടെ വീഡിയോ സന്ദേശങ്ങളും സിനിമാ രംഗത്തുള്ളവരുടെ വീഡിയോ സന്ദേശങ്ങളും ഐക്യദാർഡ്യത്തിന് പ്രചോദനം നൽകി. ജൂലൈ 16ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ നടത്തിയ ജില്ലയുടെ സമഗ്ര കായിക വികസന സെമിനാർ പരിപാടിയുടെ തുടക്കം കുറിച്ചു. സ്‌കൂളുകളിലും കോളേജുകളിലും പൊതു ഇടങ്ങളിലും വീടുകളിലും വിവിധ ക്ലബ്ബുകളിലും ഒളിമ്പിക് ദീപം തെളിയിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ നടന്നു. സ്മാഷ്, പെനാൽടി ഷൂട്ടൗട്ട്, ദീപം തെളിയിക്കൽ തുടങ്ങിയ പരിപാടികൾ ജില്ലയുടെ പല ഭാഗങ്ങളിൽ നടന്നു.