മലപ്പുറം:ജില്ലയിലെ തൊഴില്‍ നൈപുണ്യ പരിശീലനത്തിനായുള്ള രണ്ടാമത്തെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കായ തവനൂര്‍ അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. 16 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം 68 ശതമാനം പൂര്‍ത്തിയായി. അയങ്കലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. അസാപിന്റെ സേവനങ്ങള്‍ ജനങ്ങള്‍ കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളില്‍ ദേശീയ- അന്തര്‍ദേശീയ നിലവാരമുള്ള കോഴ്സുകളില്‍ പരിശീലനം ലഭിക്കും.
നിലവില്‍ തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്ക്കിന് കീഴില്‍ വിദേശ ഭാഷ പഠനവും മറ്റു കോഴ്സുകളും വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മുഖേന സംഘടിപ്പിക്കുന്നുണ്ട്. വിദേശ ഭാഷ പഠനത്തില്‍ ജര്‍മ്മന്‍, ജപാനിസ് എന്നീ ഭാഷ പഠനങ്ങളില്‍ ഇതിനകം ഒരു ബാച്ച് കോഴ്സ് പൂര്‍ത്തിയാക്കി. നിലവില്‍ ഒരു ബാച്ച് ജപാനിസ് ഭാഷ പഠനം നടത്തുന്നു. ഉടനെ ആരംഭിക്കുന്ന പ്ലസ്മെന്റ് അവസരം ലഭ്യമായ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, ഡാറ്റ അനലിസ്റ്റ്, ബാങ്കിംഗ് ആന്റ് വെല്‍ത്ത് മാനേജ്മെന്റ് എന്നി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്ന് തവനൂര്‍ കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് പ്രോഗ്രാം മാനേജര്‍ അറിയിച്ചു.