കൊച്ചി: സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി 2021-22 പ്രകാരം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്, സ്‌പെഷ്യല്‍/ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതും (സ്റ്റേറ്റ് സിലബസ്) ഗ്രാമ സഭാ ലിസ്റ്റ് നിലവില്‍ ഇല്ലാത്തുമായ പഞ്ചായത്തുകളിലെ ഹൈസ്‌കൂള്‍, പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളളവരും 800 സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍തണമുളള വീടുളളവരും മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂള്‍ മേലധികാരിയില്‍ നിന്നുമുളള സാക്ഷ്യപത്രം, കൈവശാവകാശം/ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്/മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് ആറിനകം അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം.