* വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
നവോത്ഥാനപ്രസ്ഥാനങ്ങളിലെ സന്ദേശങ്ങള്‍ നല്ലരീതിയില്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതില്‍ ഗ്രന്ഥശാല പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികള്‍ സ്‌കൂള്‍ പ്രായം മുതല്‍ തന്നെ വായനയെ ഒപ്പം കൂട്ടാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ: മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വായനയും സംസ്‌കാരവും രൂപപ്പെടുത്തുന്നതില്‍ ഗ്രന്ഥശാല പ്രസ്ഥാനം മികച്ച സേവനമാണ് നല്‍കിയത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി എല്ലാ ഗ്രാമങ്ങളിലും നല്ലരീതിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകളാണ് ഇവിടെയുള്ളത്. ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും മികച്ച ഗ്രന്ഥശാലകളുണ്ടായിരുന്നു. ബ്രിട്ടീഷ് കിരാതവാഴ്ചക്കെതിരെ പേരാട്ടം നയിച്ചവര്‍തന്നെ വായനശാല പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട്, 1945ല്‍ പി.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘമാണ് ഒരു സംഘടിതരൂപമെന്ന രീതിയില്‍ മുന്നോട്ടുപോയത്. ഗ്രന്ഥശാല പ്രസ്ഥാനത്തില്‍ മറക്കാനാവാത്ത രണ്ടുപേരുകളാണ് പി.എന്‍. പണിക്കരും ഐ.വി.ദാസുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വായന പ്രോത്‌സാഹിപ്പിക്കാന്‍ സ്‌കൂളുകളില്‍ കുറച്ചുസമയം കണ്ടെത്താന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സ്‌കൂള്‍ മാഗസിന്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. സ്‌കൂള്‍ ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ കൈമാറി. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. രാജ്‌മോഹന്‍, കൗണ്‍സിലര്‍ രമ്യ രമേശ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. രത്‌നകുമാര്‍, ഹെഡ്മാസ്റ്റര്‍ രവീന്ദ്ജി, പി.ടി.എ പ്രസിഡന്റ് രാജീവ് വെഞ്ഞാറമൂട് എന്നിവര്‍ സംബന്ധിച്ചു. സമസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി എന്‍.എസ്. വിനോദ് നന്ദിയും പറഞ്ഞു. ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴുവരെയാണ് വായനപക്ഷമായി ആചരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ലൈബ്രറി കൗണ്‍സിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
