എറണാകുളം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ പറവൂർ സിവിൽ സ്‌റ്റേഷൻ പരിസരത്ത് നഗര വഴിയോര ആഴ്ച്ച ചന്ത പ്രവർത്തനമാരംഭിച്ചു. ആഴ്ച ചന്തയുടെ ഉദ്ഘാടനം പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവ്വഹിച്ചു. എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ ചന്ത പ്രവർത്തിക്കും.
കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോമിലെ കുട്ടികളുടെ കൃഷിയിടത്തിൽ വിളഞ്ഞ ജൈവ പച്ചക്കറികളും കോട്ടുവള്ളിയിലെ കർഷകർ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറികളുമാണ് പറവൂർ നഗരത്തിലെ ആഴ്ച്ച ചന്തയിൽ വിൽക്കുന്നത്.
നഗരസഭാ വൈസ് ചെയർമാൻ എൻ.ജെ രാജു, പറവൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ജിഷ പി.ജി, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റെയ്ഹാന, കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോം ഡയറക്ടർ ഫാദർ സംഗീത് ജോസഫ്, കൃഷി അസിസ്റ്റൻ്റുമാരായ എസ്.കെ ഷിനു, നസിയ എൻ.വി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.