കൊല്ലം: പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ വ്യാപാരികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ ഉടമകളും മറ്റ് ജീവനക്കാരും 15 ദിവസത്തിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലമോ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം.
ഓണത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് മുന്നില്‍ കണ്ടാണ് വ്യാപാരികളെ നിര്‍ബന്ധമായും ടെസ്റ്റിന് വിധേയരാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി പറഞ്ഞു.
പഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മെഗാ കോവിഡ് ടെസ്റ്റിനും തുടക്കമായി. ഇന്നലെ (ജൂലൈ 27) ഇടത്തറ, പാതിരിക്കല്‍, നടുംമുരുപ്പ് എന്നിവിടങ്ങളിലെ മൂന്നു കേന്ദ്രങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്തി. രോഗികള്‍ കൂടുതല്‍ ഉള്ള മങ്കോട് അംബേദ്കര്‍ കോളനിയിലെ വാര്‍ഡുകളെ ആറ് ക്ലസ്റ്ററുകളായി തിരിച്ചു നിരീക്ഷണം ശക്തമാക്കി.
കോളനിയിലെ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കും. ക്വാറന്റയിന്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വാര്‍ഡുതല സമിതികളുടെ നേതൃത്വത്തില്‍ ശക്തമായ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തി. ജനത ഹോസ്പിറ്റലിലെ ഡി.സി.സിയില്‍ ഒന്‍പതും സി.എഫ്.എല്‍.ടി.സിയില്‍ 19 ഉം രോഗികളുണ്ട്. ദിവസവും 300 പേരിലെങ്കിലും പരിശോധന നടത്താന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട വിളക്കുടി ഗ്രാമപഞ്ചായത്തില്‍ വ്യാപാരികള്‍ക്കിടയില്‍ പരിശോധന വ്യാപിപ്പിച്ചു. ഇന്നലെ (ജൂലൈ 27) വ്യാപാരികളുടെ സഹകരണത്തോടെ കുന്നിക്കോട് പ്രദേശത്ത് മൊബൈല്‍ ആന്റിജന്‍ പരിശോധന നടത്തി. 139 പേരില്‍ നടത്തിയ പരിശോധനയില്‍ 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്യറ വാര്‍ഡില്‍ 239 പേരില്‍ നടത്തിയ പരിശോധനയില്‍ 12 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നഴ്‌സുമാര്‍ അടങ്ങിയ സംഘത്തെ പരിശീലനം നല്‍കി ആന്റിജന്‍ പരിശോധനയ്ക്കായി സജ്ജമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസര്‍ പറഞ്ഞു.
കൂടുതല്‍ പോസ്റ്റീവ് രോഗികളുള്ള വരിക്കോലില്‍, ചെക്കുപാറ കോളനികളില്‍ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തി. കോളനികളിലെ രോഗബാധിതരായ മുഴുവന്‍ പേരെയും സി.എല്‍.ടി.സി യിലേക്ക് മാറ്റി. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി വരും ദിവസങ്ങളില്‍ മൊബൈല്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തും. 13.5 ശതമാനമാണ് ടി.പി.ആര്‍. വിളക്കുടിയിലെ സി.എഫ്.എല്‍.ടി. സിയില്‍ 82 പേരാണ് ചികിത്സയിലുണ്ട്.
കരുനാഗപ്പള്ളി നഗരസഭയുടെ ആഭിമുഖ്യത്തില്‍ റോട്ടറി ക്ലബ്ബില്‍ പരിശോധന നടത്തി. ബഡ്‌സ് സ്‌കൂളിലെ പരിശോധനയ്ക്ക് പുറമേ മൊബൈല്‍ യൂണിറ്റ് വഴിയുള്ള സ്രവ പരിശോധനയും നടത്തുന്നുണ്ട്. ലക്ഷണങ്ങള്‍ ഇല്ലാതെ രോഗവാഹകര്‍ കൂടുന്നത് തടയാനാണ് വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വ്യാപകമാക്കിയതെന്ന് ചെയര്‍മാന്‍ കോട്ടയില്‍ രാജു പറഞ്ഞു.