കാസർഗോഡ്: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഊര്‍ജിത നടപടിയുമായി ജില്ലാ ഭരണസംവിധാനം. അടിയന്തിരമായി തീര്‍പ്പാക്കേണ്ട ഫയലുകള്‍ ജൂലൈ 31 നകം തീര്‍പ്പാക്കാനും നടപടിയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന വിവിധ വകുപ്പ് ജില്ലാ മേധാവികളുടെ യോഗത്തിലാണ് തീരുമാനം. മറ്റ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് എല്ലാ മാസവും അവസാനത്തെ തിങ്കളാഴ്ചകളില്‍ യോഗം വിളിക്കും.

റവന്യു വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തിരമായി പരിഹരിക്കേണ്ട മഞ്ചേശ്വരം താലൂക്കിലെ 500 ഫയലുകളും മറ്റ് താലൂക്കുകളിലെ 1000 വീതം ഫയലുകളും ജൂലൈ 31 നകം തീര്‍പ്പാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളുമായി അടുത്തിടപഴുകുന്ന എല്ലാ വകുപ്പുകളിലെയും പ്രത്യേകിച്ച് പഞ്ചായത്ത്, കൃഷി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുകളില്‍ തീര്‍പ്പാക്കാനുള്ള ഫയലുകളിലും അടിയന്തിര നടപടിയുണ്ടാവണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

തീര്‍പ്പാക്കിയ ഫയലുകളുടെ വിവരങ്ങള്‍ എല്ലാ വകുപ്പുകളും കളക്ടറേറ്റില്‍ ലഭ്യമാക്കണം. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ അടിയന്തിര പ്രാധാന്യം നല്‍കി പരിഗണിക്കണം. കോടതി വ്യവഹാരം, ഓഡിറ്റ് പരിശോധന റിപ്പോര്‍ട്ട്, ജീവനക്കാരുടെ പ്രശ്‌നങ്ങള്‍, മറ്റ് ഔദ്യോഗിക ഫയലുകള്‍ എന്നിവയും പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്. യോഗത്തില്‍ എ ഡി എം എ കെ രമേന്ദ്രന്‍, ആര്‍ ഡി ഒ അതുല്‍ എസ് നാഥ്, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, വിവധ വകുപ്പ് മേധാവികള്‍, വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.