ആലപ്പുഴ: ഒരേ സ്‌കൂളിൽ രണ്ടാംവർഷ ഹയർ സെക്കൻഡറി തുല്യത പരീക്ഷ ഒരുമിച്ചെഴുതി അമ്മയും മകനും. ആലപ്പുഴ നഗരസഭ മുല്ലയ്ക്കൽ വാർഡിൽ ദേവസ്വം പറമ്പ് വീട്ടിൽ ടി.ജി. രമയും (58) മകൻ ആർ. രാഹുലുമാണ് (28) ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി തുല്യത പരീക്ഷയെഴുതിയത്. പരീക്ഷ ഹാളിനു പുറത്തിറങ്ങിയ ഇരുവരെയും അഭിനന്ദിക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും ജനപ്രതിനിധികളുമെത്തി. പരീക്ഷ എളുപ്പമായിരുന്നോ? എന്ന പ്രസിഡന്റിന്റെ ചോദ്യത്തിന് ഇരുവർക്കും ഒരേ മറുപടി- ‘സൂപ്പർ’. രമ നേരത്തേ തന്നെ പത്താം ക്ലാസ് ജയിച്ചിരുന്നു. രാഹുൽ സാക്ഷരതാ മിഷൻ വഴിയാണ് പത്താം ക്ലാസ് ജയിച്ചത്.
പ്ലസ്ടുവിന് ശേഷം തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടെന്നും സാക്ഷരത മിഷൻ ബിരുദ കോഴ്‌സുകൾ ആരംഭിക്കണമെന്നുമാണ് രമയും രാഹുലും പറയുന്നത്. തുല്യത പഠിതാക്കളുടെ തുടർ പഠനത്തിനായി സാക്ഷരതാ മിഷൻ വഴി സൗകര്യമൊരുക്കുന്നതിന് ശ്രമം നടത്താമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നൽകി. മൂന്നു പരീക്ഷയും നന്നായി പഠിച്ച് എഴുതണമെന്നും സാക്ഷരത തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും പ്രസിഡന്റ് പറഞ്ഞപ്പോൾ ഇരുവർക്കും സന്തോഷം.
ജനപ്രതിനിധികളടക്കം ഇത്തവണ പരീക്ഷ എഴുതുന്നു. ഇത് മാതൃകാപരമാണ്. ജില്ലയിലെ മുഴുവൻ പേർക്കും ഹയർ സെക്കൻഡറി തലം വരെ വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യമെന്നും ഇതിനായി ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി. പ്രിയ ടീച്ചർ, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ. റിയാസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. വിനിത, നഗരസഭ കൗൺസിലർമാരായ സിമി ഷാഫിഖാൻ, ബി. നസീർ, സാക്ഷരതാ മിഷൻ ജില്ല പ്രോജക്ട് കോർഡിനേറ്റർ കെ.വി. രതീഷ്, അസിസ്റ്റന്റ് കോർഡിനേറ്റർ ആർ. സിംല, സെന്റർ കോർഡിനേറ്റർമാരായ എം. ഉഷ, പ്രമീളാദേവി എന്നിവരും സന്നിഹിതരായിരുന്നു.