തൃശ്ശൂർ: പ്ലാസ്റ്റിക്ക് വിമുക്ത മാള എന്ന ലക്ഷ്യത്തിനായി ക്ലീന്‍ മിഷന്‍ പദ്ധതിയുമായി മാള പഞ്ചായത്ത്. അജൈവ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതിയായ ക്ലീന്‍ മിഷന്‍ പദ്ധതിക്ക് മാളയില്‍ തുടക്കമായി. നവകേരള മിഷനും പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാകുന്നത്. വാതില്‍പ്പടി മാലിന്യ ശേഖരണം എന്ന ആശയമാണ് ക്ലീന്‍ മിഷന്റെ ഭാഗമായി നടപ്പില്‍കൊണ്ട് വരിക. ഇതിനായി വീടുകളില്‍ നിന്നും സ്ഥാപനനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരിട്ട് ശേഖരിക്കുന്നു. ഓരോ മാസവും മുടങ്ങാതെയാണ് മാലിന്യങ്ങള്‍ ശേഖരിക്കുക.

യൂസര്‍ ഫീയായി വീടുകളില്‍ നിന്ന് 50 രൂപയും സ്ഥാപനങ്ങളില്‍ നിന്ന് 100 രൂപയുമാണ് ഈടാക്കുക. പഞ്ചായത്തിലെ 20 വാര്‍ഡുകളിലും മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആളുകളെത്തുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഇതിന്റെ ചുമതല. 20 വാര്‍ഡുകളില്‍ നിന്നായി 41 പേരടങ്ങുന്ന സംഘത്തെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ പ്രത്യേക സംസ്‌കരണ കേന്ദ്രത്തിലെത്തിച്ച് തരം തിരിക്കുന്നു. ശേഷം ക്ലീന്‍ കേരളയ്ക്ക് കൈമാറുന്നു. മാള ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് സിന്ധു അശോക് നിര്‍വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ നബീസത്ത് ജലീല്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സാബുപോള്‍ എടാട്ടുകാരന്‍, സെക്രട്ടറി ഗിരീഷ് ചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി പി ജെ ജലീല്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ എം എസ് ജയശ്രീ, പി എസ് ഷിഫാന തുടങ്ങിയവര്‍ പങ്കെടുത്തു.