ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച, കേരളത്തിലെ കോവിഡ് 19 ഉം രോഗനിയന്ത്രണവും സംബന്ധിച്ച പഠന സംഘം, ശനിയാഴ്ച ജില്ലയിലെത്തി ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ല സന്ദര്‍ശിച്ചത്. എന്‍.സി.ഡി.സി അഡ്വൈസര്‍ ഡോ.എസ്.കെ.ജെയിന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പ്രണയ് വര്‍മ, പൊതുജനാരാഗ്യ വിദഗ്ധ ഡോ.രുചി ജെയ്ന്‍, സംസ്ഥാന ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ബിനോയ് എസ്.ബാബു എന്നിവര്‍ അടങ്ങിയതാണ് സംഘം.

രാവിലെ കളക്ട്രേറ്റിലെത്തിയ സംഘം ജില്ല കളക്ടര്‍ എ.അലക്സാണ്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. കളക്ടറും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ സംഘത്തിന് വിവരിച്ചു. കണ്ടെയ്ന്‍ മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ രോഗം വ്യാപകമായ പ്രദേശങ്ങള്‍ ‍ കേന്ദ്രീകരിച്ച് അനുയോജ്യമായ നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ നടപടികളും ശക്തമാക്കി മുന്നോട്ടുപോകണമെന്ന് സംഘം ചൂണ്ടിക്കാട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ അത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സംഘം ചര്‍ച്ച ചെയ്തു. ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ ആരോഗ്യ വിദഗ്ധരുടെയും മെഡിക്കല്‍ കോളേജിലെ ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധരുടെയും സമിതി രൂപീകരിച്ച് വാര്‍ഡ് തലത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് തേടും.

വിവിധ ജില്ലകളിലെ സന്ദര്‍ശനത്തിന് ശേഷം സംഘം തിരുവനന്തപുരത്തെത്തി അരോഗ്യ വകുപ്പും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കും. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, ഡോ.ടി.കെ. സുമ, ഡെപ്യൂട്ടി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.അനു വര്‍ഗ്ഗീസ്, ഡെപ്യൂട്ടി കളക്ടർ ( ദുരന്തനിവാരണം) ആശാ സി എബ്രഹാം എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഉച്ചയോടെ സംഘം മടങ്ങി.