അതിരപ്പിള്ളിയിലെ ആദിവാസി ഊരുകളിലും ഇനി മുതൽ കുട്ടികൾക്ക് ഓൺലൈൻ പഠനം മുടങ്ങില്ല. ജില്ലാ പഞ്ചായത്തിന്റെ വിദ്യാതരംഗം പദ്ധതിയിൽ ഉൾപ്പെടുത്തി ഊരുകളിലേക്ക് ഇന്റർനെറ്റ്‌ കണക്ടിവിറ്റി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കേരളത്തിലെ ആദിവാസി ഊരുകളിൽ കഴിയുന്ന മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.1034 ആദിവാസി കേന്ദ്രങ്ങളിൽ ഇന്റർനെറ്റ്‌ സൗകര്യം
കൊണ്ട് വരേണ്ടതുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പ് വരുത്തും.കോവിഡിന്റെ സാഹചര്യത്തിൽ സ്കൂളിൽ പോയി പഠിക്കാനുള്ള സൗകര്യം നമ്മുടെ കുട്ടികൾക്കില്ല. ഈ അവസ്ഥയെ തരണം ചെയ്യുന്നതിനായി ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ മനസിലാക്കി മുന്നേറേണ്ടത് അതാവശ്യമാണ്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാതരംഗം പദ്ധതിയിലൂടെ മലയോര മേഖലയിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാൻ കഴിയുന്നു എന്നത് വലിയ നേട്ടമാണ്. ഇതിന് വേണ്ട സാങ്കേതിക ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി സഹായം നൽകുന്ന കേരള വിഷനും പ്രത്യേക നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

ആനക്കയം, തവളക്കുഴി, വാച്ചുമരം, മുക്കുംപുഴ എന്നി ആദിവാസി കോളനികളിലായി ആകെ 105 കുട്ടികൾക്കാണ് വിദ്യാതരംഗം പദ്ധതിയിലൂടെ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാവുക.147 കുടുംബങ്ങളാണ് നാലിടങ്ങളിലായി താമസിക്കുന്നത്.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ, ജില്ലാ പഞ്ചായത്ത്‌ അംഗം ജെനീഷ് പി ജോസ്, വിവിധ വികസന സമിതി അധ്യക്ഷന്മാരായ പി എം അഹമ്മദ്, കെ എസ് ജയ, ലത ചന്ദ്രൻ, എ വി വല്ലഭൻ, മുൻ എം എൽ എ ബി ഡി ദേവസ്സി, അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിജേഷ്, വൈസ് പ്രസിഡന്റ്‌ ആതിര ദേവരാജൻ, ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ ഇ ആർ സന്തോഷ്‌ കുമാർ തുടങ്ങിയവർ പങ്കെടുത്തു.ആനക്കയം കോളനിയും മന്ത്രി സന്ദർശിച്ചു. ആനക്കയം കോളനിയിൽ നിന്നും പോത്ത് പാറയിലേക്ക് മാറിതാമസിച്ച 25 കുടുംബങ്ങങ്ങളുടെ ആവശ്യങ്ങൾ ചോദിച്ച് മനസിലാക്കി. കാട്ടാന ശല്യത്തിന് പരിഹാരമായി ഒരു മാസത്തിനുള്ളിൽ വൈദ്യുതി കമ്പി വേലി നിർമിച്ചു നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇവരുടെ വീടുകളിലേക്ക്  വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും ത്വരിതഗതിയിലാക്കുമെന്ന് മന്ത്രി പറഞ്ഞു.