തൃശ്ശൂർ: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് ജില്ലയുടെ പ്രത്യേക ചുമതലയുള്ള മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ ടിങ്കു ബിസ്വാള്‍ അവലോകന യോഗത്തില്‍ അിറയിച്ചു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റം പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അവതരിപ്പിച്ചു. ഇതു കൂടി കണക്കിലെടുത്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. പൊതുജനം മാറിയ സാഹചര്യവുമായി പൊരുത്തപ്പെടുകയാണ് പ്രധാനമെന്ന് വിലയിരുത്തി.

വാര്‍ഡ്/പ്രാദേശിക തലത്തിലുള്ള രോഗബാധിതരുടെ എണ്ണവും ജനസംഖ്യയും അടിസ്ഥാനമാക്കിയുള്ള ഡബ്ലിയു. ഐ. പി. ആര്‍ നിയന്ത്രണങ്ങളാണ് ഇന്ന് (ഓഗസ്റ്റ് 5) മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തുക. ജനങ്ങളുടെ ഭാഗത്തു നിന്നും ഉത്തരവാദിത്തപൂര്‍ണമായ സമീപനം അനിവാര്യമാണ്. പ്രതിവാര രോഗപ്പകര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം. പൊതുഇടങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ചും മാനദണ്ഡപാലനം ഉറപ്പാക്കണം. പ്രാദേശികതലത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണം.

രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ പരിശോധനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയും വേണമെന്ന് ടിങ്കു ബിസ്വാള്‍ നിര്‍ദ്ദേശിച്ചു. രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിന് അനുഗുണമായ പരിഷ്‌കരിച്ച നടപടികളും വിശദീകരിച്ചു. പൊലീസ്, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തന പുരോഗതി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കി മാനദണ്ഡപാലനം ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുതിയ സാഹചര്യത്തോടൊപ്പം പൊരുത്തപ്പെടാന്‍ ജനങ്ങളെ സജ്ജരാക്കുകയുമാണ്.

ചികിത്സാ-പ്രതിരോധ കുത്തിവയ്പ്പ് സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വ്യാപാരി സമൂഹത്തിന്റെയും പിന്തുണ വരുംദിവസങ്ങളിലേക്ക് ഉറപ്പാക്കുകയാണ്. കീം പ്രവേശന പരീക്ഷ സുഗമമായി നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ നടത്തുന്ന യോഗങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗൃഹനിരീക്ഷണത്തിലുള്ളവര്‍ മാനദണ്ഡം കൃത്യമായി പാലിക്കാനും അതു നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയതായും കലക്ടര്‍ വിശദീകരിച്ചു.

ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫും അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായരും ചികിത്സാ ക്രമീകരണങ്ങളുടെയും പരിശോധനാ സംവിധാനങ്ങളുടെയും പുരോഗതി അവതരിപ്പിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ.ഡി.എം. എന്‍. സാജിതാ ബീഗം, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.