കാസർഗോഡ്: കർണാടകത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയിൽ പരിശോധനയ്ക്ക് വേണ്ടി വിപുലമായ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് തയ്യാറാക്കി. തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ പരിശോധനാ സൗകര്യത്തിനായി മൂന്നു ബാച്ചുകളിലായി ടെസ്റ്റിങ്ങ് ടീമുകളെ സജ്ജീകരിച്ചു. ഒരു ദിവസത്തിനകം തന്നെ പരിശോധനാഫലം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന രീതിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് .

പരിശോധന നടത്തിയതിന്റെ പിറ്റേദിവസം ഉച്ചയ്ക്കുശേഷം labsys.health.kerala. gov.in എന്ന പോർട്ടലിൽ നിന്നും പരിശോധനാഫലം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് . മംഗൽപാടി താലൂക്ക് ആശുപത്രിയാണ്
പരിശോധനാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.വി.രാംദാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഷാന്റി കെ.കെ, കോവിസ് ടെസ്റ്റ് നോഡൽ ഓഫീസർ ഡോ.പ്രസാദ് തോമസ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ
ഡോ. നിർമ്മൽ, ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ പരിശോധനാകേന്ദ്രം സന്ദർശിച് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.