തൃശൂര്‍: കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. വരുന്ന രണ്ട് ആഴ്ചകള്‍ നിര്‍ണായകമാണെന്നും കടുത്ത ജാഗ്രത തുടരണമെന്നും യോഗം വിലയിരുത്തി. ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സെക്ടറല്‍ മജിസ്ട്രേറ്റ്മാര്‍, ആരോഗ്യ പ്രവര്‍ത്തകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അതത് പ്രദേശങ്ങളിലെ കോവിഡ് സ്ഥിതിവിവരങ്ങള്‍ യോഗത്തില്‍ പങ്കുവെച്ചു.ഓരോ പ്രദേശത്തേയും പ്രതിനിധീകരിച്ച് സംസാരിച്ച ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളും ആശങ്കകളും പരിഗണിച്ച് കോവിഡ് സ്‌പെഷ്യല്‍ ഓഫീസര്‍ അവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്തു.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന് തീരപ്രദേശങ്ങളിലെ കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനും ഡൊമിസിലറി കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പരിശോധന സമയത്ത് സെക്ടറല്‍ മജിസ്ട്രേറ്റിനൊപ്പം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടെ പോകണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശിച്ചു. കോവിഡ് സ്‌പെഷ്യല്‍ ഓഫീസര്‍ എ പി എം മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായായിരുന്നു യോഗം. അസിസ്റ്റന്റ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അരുണ്‍ കെ.വിജയന്‍, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഐ.ജെ.മധുസുദനന്‍, കോവിഡ് അസി.നോഡല്‍ ഓഫീസര്‍ ജെയിംസ് എ.ഐ. എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.