എറണാകുളം: ഓണത്തിന് മുന്നോടിയായി ചെണ്ടുമല്ലി പൂക്കൾ വിളവെടുത്ത് ചേന്ദമംഗലം. വിളവെടുപ്പ് ഉദ്ഘാടനം പറവൂർ എംഎൽഎ അഡ്വ.വി.ഡി സതീശൻ നിർവഹിച്ചു. പഞ്ചായത്തിൻ്റെ 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയായ പുഷ്പ കൃഷിയിലൂടെയാണ് കർഷകർക്ക് ചെണ്ടുമല്ലി തൈകൾ നൽകിയത്.

കൂടാതെ ജൈവവളവും 75 ശതമാനം സബ്‌സിഡി നിരക്കിൽ നൽകി. പഞ്ചായത്തിൽ ഇരുപതിനായിരം തൈകളാണ് ഓണക്കാലത്തെ ലക്ഷ്യം വച്ച് കൃഷിഭവനിൽ നിന്നും നൽകിയത്. മെയ് അവസാനവാരം വിതരണം ചെയ്ത തൈകൾ ഇപ്പോൾ വിളവെടുപ്പിന് പാകമായി നിൽക്കുകയാണ്.

കുറഞ്ഞ ചിലവിൽ കൂടുതൽ വരുമാനം ഉണ്ടാക്കാമെന്നുള്ളതാണ് പുഷ്പ കൃഷി പദ്ധതിയുടെ ആകർഷണം. നൽകിയ 100 തൈകളിൽ നിന്നും അവയെ 400 ഓളം തൈകളാക്കി മാറ്റിയ പഞ്ചായത്തിലെ മികച്ച കർഷകനായ റിട്ട. പ്രൊഫസർ രമേശൻ മാഷിന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്. മാള ഗ്രെയ്സ് ഇന്റർനാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോ.രാജു ഡേവിസ്‌ പെരേപ്പാടനു പൂക്കൾ നല്കിക്കൊണ്ട് ആദ്യ വില്പന നടത്തി.

കൃഷി ഓഫീസർ ആതിര പി.സി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനിൽകുമാർ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, പഞ്ചായത്ത് അംഗം സിന്ധു മുരളി, കാർഷിക യൂണിവേഴ്സിറ്റി അസി.പ്രൊഫസർ ദിവ്യ കെ.എം, കാർഷിക വികസന സമിതി അംഗങ്ങൾ, സ്നോ വൈറ്റ് കർഷക ഗ്രൂപ്പ് അംഗങ്ങൾ, കൃഷി അസിസ്റ്റൻ്റ് സിജി ഏ.ജെ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.