താനൂര്‍ കാട്ടിലങ്ങാടിയിലെ 10 കോടിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെയും കാട്ടിലങ്ങാടി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ അക്കാദമിക്-കിച്ചണ്‍ ബ്ലോക്കുകളുടെയും നിര്‍മ്മാണ പ്രവൃത്തി മന്ത്രി വി. അബ്ദുറഹിമാന്‍ വിലയിരുത്തി. സ്റ്റേഡിയം പദ്ധതി പ്രദേശവും സ്‌കൂളും മന്ത്രി സന്ദര്‍ശിച്ചു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ചുള്ള സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ 70 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്.

സ്വിമ്മിങ് പൂളിന്റെ നിര്‍മ്മാണ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. ഡ്രൈനേജ് സംവിധാനം, ഫ്ള്ഡ് ലൈറ്റ്, ഓട്ടോ മാറ്റിക് സ്പ്ലിംങ്കര്‍ എന്നിവ അടങ്ങിയതാണ് സ്റ്റേഡിയത്തിലെ പ്രകൃതിദത്ത മൈതാനം, കിഴക്ക് ഭാഗത്തെ ഗ്യാലറിയോടനുബന്ധിച്ച് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ റൂം, മെഡിസിന്‍ റൂം, പ്ലയേഴ്സ് റൂം, മീഡിയ റൂം തുടങ്ങി സ്പോര്‍ട്സ് ഹബ്ബിന് വേണ്ടതായ സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്തെ ഗ്യാലറിയ്ക്ക് കീഴിലായി ആറ് ക്ലാസ് റൂം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. പരിശീലനത്തിനായി നൂറു മീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള സിന്തറ്റിക് ട്രാക്കും ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് സൗകര്യവും സ്റ്റേഡിയത്തിലുണ്ട്. സ്വിംമ്മിങ് പൂളിന് അനുബന്ധമായി ഡ്രസ് റൂം, ഓഫീസ്, പമ്പ് ഹൗസ്, ടോയ്ലറ്റ് ബ്ലോക്ക് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കുമെന്നും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും കായിക വകുപ്പ് മന്ത്രി പറഞ്ഞു.

3.9 കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂളില്‍ രണ്ട് കെട്ടിടങ്ങള്‍ പണിയുന്നത്. പ്രവൃത്തിയുടെ 45 ശതമാനമാണിവിടെ പൂര്‍ത്തിയായത്. ഡിസംബറോടെ കെട്ടിടം സ്‌കൂളിന് കൈമാറാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. 12 ക്ലാസ് മുറികള്‍, ടോയ്ലറ്റുകള്‍ എന്നിവയാണ് അക്കാദമിക് ബ്ലോക്കിലുള്ളത്. കിച്ചണ്‍ ബ്ലോക്കില്‍ അടുക്കളയും ഡയനിങ് ഹാളുമുണ്ട്. 2020 ജൂലൈനാണ് നിര്‍്മ്മാണ പ്രവൃത്തി തുടങ്ങിയത്. കൈറ്റിന്റെ മേല്‍നോട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ വാപ്പ് കോസാണ് പ്രവൃത്തി നടത്തുന്നത്. കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് നിര്‍മ്മാണം. കൈറ്റ് പ്രൊജക്ട് എഞ്ചിനീയര്‍ എം.വി. ശ്രുതീഷ് , കിറ്റ്കോ പ്രതിനിധി ജസീം, പ്രോജക്ട് എഞ്ചിനീയര്‍ സി. അരുണ്‍ ശേഖര്‍, മാളിയേക്കല്‍ കണ്‍സ്ട്രക്ഷന്‍സ് എം.ഡി.എം അബ്ദുള്ളക്കുട്ടി, പ്രൊജക്ട് മാനേജര്‍ കെ. കൃഷ്ണന്‍ തുടങ്ങിയവരും സന്ദര്‍ശന വേളയില്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.