സപ്ലൈകോ ഔട്ട്ലെറ്റുകള്‍ മുഖേന ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങള്‍ തുടര്‍ന്നും ഉറപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ തുടങ്ങിയ അഞ്ചല്‍ സൂപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ തടിക്കാട് സപ്ലൈകോ മാവേലിസ്റ്റോര്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തിയാണ് സപ്ലൈകോ പ്രവര്‍ത്തനം. എന്നിരുന്നാലും ജനപ്രതിനിധികള്‍ പ്രവര്‍ത്തനം നിരീക്ഷിക്കുകയും പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണം-അദ്ദേഹം പറഞ്ഞു.
അധ്യക്ഷനായ പി. എസ് സുപാല്‍ എം.എല്‍.എ ഓണ്‍ലൈന്‍ മുഖേന പങ്കെടുത്തു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തതിലൂടെ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ വകുപ്പിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. അഞ്ചല്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി. അംബിക കുമാരി ആദ്യ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ആനി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. സക്കീര്‍ഹുസൈന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തടിക്കാട് സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രന്‍ ആദ്യ വില്‍പ്പന നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. സുശീല മണി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സി ജോസ്, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.