തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പുതിയതായി സ്ഥാപിച്ച ലബോറട്ടറി ”ഹിന്ദ്‌ലാബ്‌സ്’ കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ സഹകരണത്തോടെയാണ് പുതിയ ലാബ് സ്ഥാപിച്ചിരിക്കുന്നത്.
കുറഞ്ഞ നിരക്കിൽ സ്‌കാനിങ് സൗകര്യം ഇവിടെ ലഭ്യമാകും. ഹൃദ്രോഗ നിർണയത്തിനുള്ള ഇക്കോ സ്‌കാനിംഗ് 700, ഡോപ്ലർ സ്‌കാനിംഗ് 600,  അൾട്രാ സൗണ്ട് സ്‌കാനിംഗ് 350 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. സി.ടി. സ്‌കാനിംഗ് സ്ഥാപിക്കുന്നതിന് ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹനൻ, ആശുപത്രി സൂപ്രണ്ട് ഡോ. വത്സല, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഡി.ജി.എം എ. ജയകുമാർ, സീനിയർ മാനേജർ വി.പി. പ്രശാന്ത്, ഡെപ്യൂട്ടി മാനേജർ ശ്രീജിത്ത് മോഹൻ, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗം വി. കേശവൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.