ശരണ്യ സ്വയം തൊഴില്‍ സഹായ പദ്ധതിയുടെ ജില്ലാ സമിതി യോഗത്തില്‍ 450 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി സ്വയം തൊഴില്‍ കണ്ടെത്താനുള്ള പദ്ധതിയാണ് ശരണ്യ പദ്ധതി. 50000 രൂപയുടെ ധനസഹായമാണ് നല്‍കുന്നത്. ഇതില്‍ 25000 രൂപ സബ്സിഡി ലഭിക്കും. അഞ്ചു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് 2016 ലെ 109 അപേക്ഷകള്‍ക്കും 2017 ലെ 341 അപേക്ഷകള്‍ക്കും അംഗീകാരം നല്‍കിയത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു , കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് സെക്രട്ടേറിയറ്റ് സ്റ്റാഫ് എന്‍. ജോയിക്കുട്ടി , ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ വി.പി മനോജ്, സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് സതീദേവി.വി.വി, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ നസീമ കപ്രകാടന്‍ തുടങ്ങിയവര്‍ സമിതി യോഗത്തില്‍ പങ്കെടുത്തു.