പൊന്നാനി നഗരസഭയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രവര്‍ത്തനമാരംഭിച്ചു. ക്ഷീര കര്‍ഷകര്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചമ്രവട്ടം ജംങ്ഷന്‍ ക്ഷീരോല്‍പാദക സംഘത്തിന്റെ പ്രവര്‍ത്തനമാണ് ആരംഭിച്ചത്. സംഘം പ്രവര്‍ത്തനമാരംഭിച്ചതോടെ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെയും നഗരസഭയുടേയും ആനുകൂല്യങ്ങളും മറ്റ് സേവനങ്ങളും ഇനി മുതല്‍ ലഭ്യമാകും. ചമ്രവട്ടം ജംങ്ഷന്‍ കുറ്റിപ്പുറം ദേശിയാപാതയോരത്ത് അലങ്കാര്‍ തീയേറ്ററിന് എതിര്‍വശത്തായാണ് സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രാവിലെയും വൈകീട്ടും സംഘത്തില്‍ ക്ഷീരകര്‍ഷകരില്‍ നിന്നും പാല്‍ അളവ് ഉണ്ടായിരിക്കും.

സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷനായി. പരിപാടിയില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ആബിദ, എ.അബ്ദുള്‍ സലാം, മുന്‍ നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, ക്ഷീരവികസന ഓഫീസര്‍ ഡോ.മുഹമ്മദ് നസീം, മില്‍മ പട്ടാമ്പി യൂണിറ്റ് ഹെഡ് ഷീജ.പി ഏലിയാസ്, മില്‍മ സൂപ്പര്‍വൈസര്‍ ഷീജ, ഡോ.സിനി സുകുമാരന്‍, സംഘം പ്രസിഡന്റ് എം.ഷെനീഫ്, സെക്രട്ടറി പി. മുബഷീറ, ക്ഷീര കര്‍ഷകന്‍ കേശവന്‍ ആമ്പിലവളപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.