ഭിന്നശേഷി കുട്ടികളുടെ സംരക്ഷണം, പരിചരണം, വിദ്യാഭ്യാസം എന്നിവയ്ക്കായി ‘സാന്ത്വനം’ ബഡ്‌സ് സ്‌കൂള്‍ ഒരുക്കി മാതൃകയായി ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത്. 2010ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചത്. പകല്‍ പരിചരണ കേന്ദ്രമായി
തുടങ്ങിയ സ്‌കൂളില്‍ 63 കുട്ടികളുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച 4 അധ്യാപകരും, ആയമാരും കൂടാതെ പാചകക്കാരന്‍, ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 10 ജീവനക്കാരുണ്ട്. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള എന്‍ ഐ പി എം ആര്‍ എന്ന സ്ഥാപനം വഴി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്ക്യൂപേഷണല്‍ തെറാപ്പി എന്നിവ നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് യാത്രയ്ക്കായി കുടുംബശ്രീ മിഷന്റെ ബസ് സര്‍വീസുമുണ്ട്. കൂടാതെ കുട്ടികളുടെ മാനസികോല്ലാസത്തിനായി സ്‌കൂളില്‍ തന്നെ ഓട്ടിസം പാര്‍ക്കും സ്ഥാപിച്ചിട്ടുണ്ട്.

ഉറപ്പാണ് ഉപജീവനം

കുട്ടികളുടെ ഉപജീവന മാര്‍ഗം ഉറപ്പാക്കുന്നതിന് വേണ്ടി 2012ലാണ് സംസ്ഥാന കുടുംബശ്രീ മിഷനില്‍ നിന്ന് ഫണ്ട് അനുവദിക്കുന്നത്. അത് പ്രകാരം പച്ചക്കറി കൃഷി, പേപ്പര്‍ ബാഗ്, ചവിട്ടി, നെറ്റിപ്പട്ട നിര്‍മാണങ്ങള്‍ എന്നിവയും നടത്തിയിരുന്നു. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പേപ്പര്‍ പേന, നോട്ട് പാഡ്, മെഴുകുതിരി നിര്‍മാണം തുടങ്ങിയവയുടെ പരിശീലനത്തിനും നിര്‍മാണ ഉപകരണങ്ങള്‍ വാങ്ങുന്നതിനും കുടുംബശ്രീ മിഷനില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള പരിശീലനം പൂര്‍ത്തിയാക്കി. ഇതിന് പുറമെ സ്‌കൂള്‍ വളപ്പിനുള്ളില്‍ കുട്ടികളുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. 2018-19ല്‍ കുടുംബശ്രീ വഴി അമ്മമാര്‍ക്കും കുട്ടികള്‍ക്കും തുണി സഞ്ചി പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് 12 അമ്മമാര്‍ക്ക് തയ്യല്‍ മെഷീനുകളും നല്‍കി.

കലാ കായിക വികസനത്തിന് പിന്തുണ

കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും ബഡ്സ് ഫെസ്റ്റ് നടത്തുന്നുണ്ട്. പഞ്ചായത്ത് തലത്തില്‍ ഭിന്നശേഷി
കായിക കലാമേളകളും നടന്നുവരുന്നുണ്ട്. ഇതിന് പുറമെ പരിസ്ഥിതിദിനം, ശിശുദിനം, സ്വാതന്ത്ര്യദിനം എന്നിവയും പകിട്ടോടെ ആചരിച്ചുവരുന്നു.
വിദ്യാഭ്യാസ വകുപ്പില്‍ നിന്നാണ് സ്ഥാപനത്തിന് ഗ്രാന്റ് ലഭിക്കുന്നത്. വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് വഴി 2015 മുതല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും നല്‍കി വരുന്നുണ്ട്. 2012ലാണ് സ്ഥാപനത്തിന് രജിസ്ട്രേഷന്‍ ലഭിച്ചത്.

കോവിഡ് കാല പരിരക്ഷ

കോവിഡ് കാലത്ത് ബ്ലോക്ക് പഞ്ചായത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കിയിരുന്നു.
വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഭക്ഷണ കിറ്റുകളും നല്‍കി വരുന്നുണ്ട്. കൂടാതെ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനവും തെറാപ്പികളും കൗണ്‍സിലിങും സജീവമാണ്.